KeralaNews

അപ്പനെഴുതിയ നാടകങ്ങളിലെല്ലാം അവൾക്ക് രാജകുമാരിയുടെ വേഷമായിരുന്നു’; നൊമ്പരമായി ആൻ റുഫ്‌തയുടെ വേർപാട്

കൊച്ചി:: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ഇന്നലെ നടന്ന ദുരന്തത്തിൽ പൊലിഞ്ഞത് നാല് ജീവനുകൾ മാത്രമല്ല, ഒരുപാട് പ്രതീക്ഷകൾ കൂടിയാണ്. അതിൽ ഏറെ വേദനാജനകമായ കാഴ്‌ചകൾ സമ്മാനിക്കുന്നതാണ് അപകടത്തിൽ മരണപ്പെട്ട ആൻ റുഫ്‌തയുടെ വീട്. മുടങ്ങാതെ ശനിയാഴ്‌ചകളിൽ വീട്ടിലെത്തുമായിരുന്ന മകൾ ഇത്തവണ എത്തിയത് അന്ത്യ യാത്രയ്ക്കാണെന്ന് തിരിച്ചറിയുമ്പോൾ വിങ്ങിപൊട്ടുകയാണ് കടുംബവും നാട്ടുകാരും.

പഠനത്തിൽ മിടുക്കിയായിരുന്ന ആൻ, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് തിരഞ്ഞെടുത്തത് നല്ലൊരു ഭാവി കൂടി മുന്നിൽ കണ്ടായിരുന്നു. ചവിട്ടുനാടക കലാകാരനായ റോയ് ജോർജ് കുട്ടിയുടെ മകളായ ആനിന്‌ കുട്ടിക്കാലം മുതൽ കലാപരമായ പ്രവർത്തനങ്ങളിലും താൽപര്യമുണ്ടായിരുന്നു. റോയ് ഒരുക്കുന്ന നാടകങ്ങളിലെല്ലാം പ്രധാന വേഷത്തിൽ അഭിനയിക്കാനും ആൻ തന്നെയായിരുന്നു മുൻപിൽ.

ഒരച്ഛൻ മകൾക്ക് നൽകേണ്ടതെല്ലാം നാടകത്തിലൂടെ നൽകിയ റോയ് അവളെ കലാലോകത്തേക്ക് കൈപിടിച്ചുയർത്തി. റോയ് എഴുതിയ നാടകങ്ങളിലെല്ലാം ആനിന്‌ രാജകുമാരിയുടെ വേഷമായിരുന്നു എന്നത് കേവലം യാദൃശ്ചികമായിരുന്നില്ല. ഒരച്ഛൻ മകൾക്ക് വേണ്ടി എഴുതുമ്പോൾ ഇതിൽ കുറഞ്ഞതൊന്നും മതിയാവില്ലെന്ന് അദ്ദേഹവും കരുതിക്കാണണം.

വിശുദ്ധ ഗീവർഗീസ്, ജൊവാൻ ഓഫ് ആർക്ക്, സെന്റ് സെബാസ്റ്റ്യൻ തുടങ്ങിയ നിരവധി ചവുട്ട് നാടകങ്ങളിൽ ആൻ വേഷമിട്ടു. അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാനും ആ മിടുക്കി തയ്യാറായില്ല. തന്റെ പിതാവ് ജീവിതം ഉഴിഞ്ഞുവച്ച ചവുട്ട് നാടകങ്ങളുടെ പ്രചാരണത്തിനായി സ്വയം രംഗത്തിറങ്ങിയ ആൻ കുട്ടികൾക്ക് പരിശീലനം നൽകാനും മുൻപന്തിയിൽ നിന്നു.

ആനിന്റെ പഠനം നല്ല നിലയിൽ മുന്നോട്ട് കൊണ്ട് പോവാനാണ് മാതാവ് ഇറ്റലിയിലേക്ക് പോയത്. അധികം കാലം ആയിട്ടില്ല അവർ ജോലി തേടി അവിടേക്ക് പോയിട്ട്. എന്നാൽ തന്റെ പൊന്നുമോളെ അവസാനമായി ഒരുനോക്ക് കാണാൻ ആ അമ്മ പറവൂരിലെ വീട്ടിലെത്തുമ്പോൾ, അത് സങ്കട കാഴ്‌ചയായിരിക്കും എന്നുറപ്പാണ്.

ആൻ തന്നെ പ്രധാന വേഷത്തിലെത്തിയ ഒരു ചവുട്ട് നാടകത്തിൽ പറയുന്ന വാക്കുകളുണ്ട്. “അന്ധയായ മകളേ, നീയെന്റെ അടുക്കൽ വരൂ. നിനക്ക് ഞാൻ ക്രിസ്‌തുവിന്റെ നാമത്തിൽ വെളിച്ചം നൽകാം”. ജീവിച്ച ഇക്കാലം വരെയും ആ കുടുംബത്തിന്റെ വെളിച്ചമായിരുന്നു ആൻ റുഫ്‌ത എന്ന പെൺകുട്ടി. ഒരുപക്ഷേ, മറ്റൊരു ലോകത്തിരുന്ന് അവൾ എല്ലാം കാണുന്നുണ്ടാവും, റോയ് ഒരുക്കുന്ന നാടകങ്ങളിലെ വേഷവും ഒരിക്കൽ കൂടി അണിയുന്നുണ്ടാവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button