കൊച്ചി:തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണ നൽകേണ്ടതില്ല എന്ന് ട്വൻ്റി 20 AAP സഖ്യത്തിന്റെ തീരുമാനം. തൃക്കാക്കരയിൽ ഏതു മുന്നണി വിജയിച്ചാലും കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സാമൂഹിക വികസന സാഹചര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകുവാൻ പോകുന്നില്ല. ഇക്കാരണം ഒന്നുകൊണ്ടു മാത്രമാണ് തൃക്കാക്കരയിൽ സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാട് ജനക്ഷേമ സഖ്യം നേരത്തെ സ്വീകരിച്ചത്.
എന്നാല്‍ ഈ സന്ദർഭത്തിൽ തൃക്കാക്കര മണ്ഡലത്തിലുള്ള പതിനായിരക്കണക്കിന് ട്വന്റി20 AAP അനുഭാവികളോടും പ്രവർത്തകരോടും ചില കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നു. നിലവിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ വിലയിരുത്തി ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനമെടുക്കുവാൻ നമുക്ക് ഓരോരുത്തർക്കും കഴിയണം. അതിനുള്ള രാഷ്ട്രീയ പ്രബുദ്ധത ട്വന്റി20 AAP സഖ്യത്തെ പിന്തുണയ്ക്കുന്ന മുഴുവന്‍ ആളുകൾക്കും ഉണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പാണ്.
പ്രലോഭനങ്ങള്‍ക്കും,സമ്മർദ്ധങ്ങൾക്കും,സ്വാധീനങ്ങള്‍ക്കും,വഴങ്ങാതെ പണത്തിനും, മദ്യത്തിനും അടിമപെടാതെ സ്വതന്ത്രമായി ചിന്തിച്ച് ഉത്തരവാദിത്തത്തോടെ വോട്ട് രേഖപ്പെടുത്തുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുക.
ജനാധിപത്യത്തില്‍ ജനങ്ങളുടെ ശക്തി തെളിയിക്കുന്ന ഈ വോട്ടവകാശം വിവേകപൂര്‍വ്വം വിനിയോഗിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു.
വോട്ടെടുപ്പ് ദിനം കാലാവസ്ഥ പ്രതികൂലമായാല്‍ പോലും എല്ലാവരും പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രീയയില്‍ പങ്കാളികളായി കേരളത്തിന്റെ രാഷട്രീയ പ്രബുദ്ധത ഉയര്‍ത്തിപ്പിടിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി ട്വന്റി ട്വന്റി പാർട്ടി പ്രസിഡന്റ് സാബു.എം.ജേക്കബും ആം ആദ്മി സ്റ്റേറ്റ് കൺവീനർ പി.സി.സിറിയക്കും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.