ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
ചെന്നൈ: കുംഭകോണം പാപനാശത്ത്, ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം.കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്. ഫോണിൽ സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.
തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി കഴിഞ്ഞ ഏപ്രിലില്‍ മരിച്ചിരുന്നു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. ഫോണില്‍ വീഡിയോ കാണുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നാസിക്കില്‍ അടുത്തിടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന മൊബൈല്‍ ഫോണിനു സമീപം ഒരു കുപ്പി ഡിയോഡറന്റുമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ നാസികിലാണ് സംഭവം.
സമീപത്തെ എല്ലാ ജനാലകളും സ്‌ഫോടനത്തില്‍ തകര്‍ന്നതിനു പുറമെ, പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ വിന്‍ഡോകളും തകര്‍ന്നു. നാസിക്കിലെ സിഡ്‌കോ ഉത്തം നഗര്‍ പ്രദേശത്തെ വീട്ടിലാണ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. ഫോണിന്റെ തൊട്ടടുത്ത് ഡിയോഡറന്റ് കുപ്പി ഉണ്ടായിരുന്നതാണ് തീ കൂടുതല്‍ പടരാന്‍ കാരണം. കുപ്പിയില്‍ തീ പിടിക്കുകയും വലിയ സ്‌ഫോടനത്തിന് കാരണമാവുകയും ചെയ്തു.സ്‌ഫോടനത്തില്‍ വീടിനുള്ളിലെ ഗ്ലാസുകളും ജനലുകളും തകരുക മാത്രമല്ല വീടിനു ചുറ്റുമുള്ള മറ്റുവീടുകളിലേയും ജനാലകളും തകര്‍ന്നു.
അസാധാരണമാംവിധം ശക്തമായ സ്‌ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു.കേടുപാടുകള്‍ സംഭവിച്ച ഫര്‍ണിച്ചറുകളും ജനാലകളും കാണിക്കുന്ന വീഡിയോകളും വ്യാപകമായി പ്രചരിച്ചിരുന്നു.