ലക്‌നൗ: വളർത്തുപൂച്ചയിൽ നിന്ന് പേവിഷബാധയേറ്റ സർക്കാർ സ്‌കൂൾ അദ്ധ്യാപകനും മകനും ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കഴിഞ്ഞ സെപ്തംബറിൽ പൂച്ചയ്ക്ക് തെരുവ് നായയിൽ നിന്ന് കടിയേറ്റിരുന്നു. പൂച്ച പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടും വീട്ടുകാർ ശ്രദ്ധകൊടുക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ പറയുന്നു.
ജോലിയിൽ നിന്ന് അവധിയെടുത്ത് വീട്ടിലെത്തിയ 24കാരനായ മകനാണ് ആദ്യം പേവിഷബാധയേറ്റത്. കളിപ്പിക്കുന്നതിനിടെ പൂച്ച കടിക്കുകയായിരുന്നു. ഒരാഴ്‌ചയ്ക്ക് ശേഷം ആരോഗ്യം മോശമായതിനെത്തുടർന്ന് യുവാവ് മരണപ്പെട്ടു. ഇതിന് ഒരാഴ്‌ചയ്ക്ക് ശേഷമാണ് ഇതേ ലക്ഷണങ്ങളോടെ 58കാരനായ പിതാവും മരണപ്പെടുന്നത്.
പൂച്ച കടിച്ചതിനുശേഷം ഇരുവരും ആന്റി ടെറ്റനസ് ഇഞ്ചക്ഷനാണ് എടുത്തതെന്നും ആന്റി റാബീസ് വാക്‌സിൻ എടുത്തിരുന്നില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു. തെരുവ് നായയിൽ നിന്ന് കടിയേറ്റ പൂച്ച കുറച്ച് ദിവസങ്ങൾക്കുശേഷം ചത്തുപോയെങ്കിലും വീട്ടുകാർ കാര്യമാക്കിയില്ല. പിന്നീട് ഒരു കല്യാണത്തിൽ പങ്കെടുക്കാൻ കുടുംബം ഭോപ്പാലിലേയ്ക്ക് പോയിരുന്നു. അവിടെവച്ചാണ് യുവാവിന്റെ നില വഷളാകാൻ തുടങ്ങിയത്.
ഒരേകുടുംബത്തിലെ രണ്ടുപേർ മരണപ്പെട്ടത് അയൽവീടുകളിലും പരിഭ്രാന്തി പരത്തുകയാണ്. കുടുംബത്തിൽ മറ്റാർക്കെങ്കിലും രോഗബാധയേറ്റിട്ടുണ്ടോയെന്ന് നിർണയിക്കാൻ മറ്റുള്ളവരുടെ രക്തസാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
എന്താണ് റാബീസ്?
ആർ എ ബി വി എന്ന വൈറസ് ബാധയേറ്റുണ്ടാവുന്ന രോഗമാണ് പേവിഷബാധ. പട്ടി, വവ്വാൽ, കുരങ്ങ്, പൂച്ച തുടങ്ങിയവയുടെ കടിയേറ്റാണ് സാധാരണയായി ഈ രോഗമുണ്ടാവുന്നത്. പക്ഷാഘാതം, ചുഴലി, മയക്കം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. പേവിഷബാധയേൽക്കാൻ സാദ്ധ്യതയുള്ള മൃഗങ്ങളുടെ കടിയേറ്റാലുടൻ ആന്റി റാബീസ് വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ രോഗബാധ തടയാൻ സാധിക്കുമെങ്കിലും കടിയേറ്റയാളിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ മാരകമാകാനും ഇടയുണ്ട്.
എന്താക്കെയാണ് ലക്ഷണങ്ങൾ
പേവിഷബാധയ്ക്ക് കാരണമായ വൈറസ് ശരീരത്തിൽ പ്രവേശിച്ച് ആഴ്ചകളോളം രോഗലക്ഷണങ്ങളൊന്നും പ്രകടമാകില്ലെന്ന് ഡോക്ടർമാർ പറയുന്നു. എന്നിരുന്നാലും കടിയേറ്റ് ഈ ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ ഡോക്‌ടറെ സമീപിക്കേണ്ടത് വളരെ പ്രധാനമാണ്.
- കടുത്ത പനി
- ക്ഷീണം
- മുറിവേറ്റ സ്ഥലത്ത് ചൊറിച്ചിലും മരവിപ്പും അനുഭവപ്പെടുക, ചൂട്ടുപൊള്ളുന്നതുപോലെെ തോന്നുക
- കടുത്ത ചുമ
- തൊണ്ടവേദന
- പേശി വേദന
- ഓക്കാനം, ഛർദ്ദി
- അതിസാരം
- ആക്രമിക്കാനുള്ള പ്രവണത
- പരവേശം
- ചുഴലി
- ഭ്രമാത്മകത
- പേശികൾ വലിഞ്ഞു മുറുകുന്നതുപോലെ അനുഭവപ്പെടുക
- ഹൈപ്പർവെന്റിലേഷൻ
- മുഖത്ത് പക്ഷാഘാതം ഉണ്ടാവുക
- വെള്ളം കുടിക്കാൻ ഭയം പ്രകടിപ്പിക്കുക
- കഴുത്തിൽ കാഠിന്യം അനുഭവപ്പെടുക
- കോമ
അണുബാധ എങ്ങനെ ബാധിക്കുന്നു?
രോഗബാധയേറ്റ മൃഗത്തിന്റെ ഉമിനീരിൽ നിന്ന് മനുഷ്യന്റെ മുറിലിലൂടെയാണ് റാബീസ് വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത്. തുടർന്ന് ഇത് നാഡികളിലൂടെ കേന്ദ്ര നാഡീവ്യൂഹത്തിലെത്തുകയും അവിടെനിന്ന് തലച്ചോറിൽ പ്രവേശിക്കുകയും ചെയ്യുന്നു.
പേവിഷബാധ എങ്ങനെ തടയാം?
വളർത്തുമൃഗങ്ങളിൽ കൃത്യമായി കുത്തിവയ്‌പ്പെടുക്കുകയും അവയെ സൂക്ഷിക്കുകയും ചെയ്യുന്നതിലൂടെ പേവിഷബാധ തടയാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു.
- വളർത്തുമൃഗങ്ങൾ വന്യമൃഗങ്ങളുമായും തെരുവ് നായകളുമായും സമ്പർക്കം പുലർത്താൻ ഇടവരുത്തരുത്
- നിങ്ങളുടെ കാഴ്‌ചപരിധിയിൽ നിന്ന് വളർത്തുമൃഗങ്ങളെ പുറത്തുപോകാൻ അനുവദിക്കരുത്
- മുറിവേറ്റ മൃഗങ്ങളെ തൊടുകയോ പിടിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്
- വളർത്തുമൃഗങ്ങളിൽ നിന്നും മറ്റുള്ള മൃഗങ്ങളിൽ നിന്നും കടിയേറ്റാൽ ഉടൻ തന്നെ ആന്റി റാബീസ് ഇഞ്ചക്ഷൻ സ്വീകരിക്കുക.