27.7 C
Kottayam
Monday, April 29, 2024

സൗദിയില്‍ സോഫ ഗോഡൗണിന് തീപിടിച്ച് മലയാളി മരിച്ചു; ഗോഡൗണിനെ തീ വിഴുങ്ങിയത് നിമിഷങ്ങള്‍ക്കുള്ളില്‍

Must read

റിയാദ്: സൗദി അറേബ്യയില്‍ സോഫ ഗോഡൗണിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി തോട്ടുംകടവത്ത് അബ്ദുല്‍ ജിഷാര്‍ (39) ആണ് മരിച്ചത്. റിയാദ് നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗമായ ഷിഫയില്‍ ചൊവ്വാഴ്ച രാവിലെയാണ് അത്യാഹിതം സംഭവിച്ചത്.

സോഫ നിര്‍മാണശാലയുടെ ഗോഡൗണിലാണ് തീ പടര്‍ന്നത്. രാവിലെ ഏഴോടെ തൊട്ടടുത്ത ഗോഡൗണില്‍ തീപിടിത്തമുണ്ടാവുകയും അത് ജിഷാര്‍ പണിയെടുത്തിരുന്ന സോഫാസെറ്റ് നിര്‍മാണ ഗോഡൗണിലേക്ക് പടര്‍ന്നുപിടിക്കുകയുമായിരുന്നു. ഇവിടെ ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

സംഭവ സമയത്ത് നിരവധി പേര്‍ ഇവിടെ ജോലിയിലുണ്ടായിരുന്നു. തീ കണ്ടതോടെ രക്ഷപ്പെടാന്‍ സഹപ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞെങ്കിലും അകലെ മാറിനിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന ജിഷാറിന് കേള്‍ക്കാന്‍ കഴിഞ്ഞില്ല. നിമിഷനേരത്തിനുള്ളില്‍ അഗ്‌നി ഗോഡൗണ്‍ മുഴുവന്‍ വിഴുങ്ങിക്കഴിഞ്ഞിരുന്നു.

സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയും പോലീസുമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉച്ചയോടെയാണ് ജിഷാറിന്റെ മൃതദേഹം പുറത്തെടുത്തത്. ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദീര്‍ഘകാലമായി ഇവിടെ ജോലി ചെയ്യുന്ന ജിഷാര്‍ ഒരാഴ്ച മുമ്പാണ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞെത്തിയത്. സാമൂഹികപ്രവര്‍ത്തകനായ ഇദ്ദേഹം ഒഐസിസി അംഗമാണ്.

പിതാവ്: അബ്ദുറഹ്‌മാന്‍. മാതാവ്: മറിയുമ്മ. ഭാര്യ: സക്കിറ. മക്കള്‍: അഫീഫ, റൂബ, ആമീര്‍, അനു. മരണാനന്തര നടപടികള്‍ക്കായി കെഎംസിസി പ്രവര്‍ത്തകരായ ഉമര്‍ അമാനത്ത്, ഷൗക്കത്ത്, ജംഷി എന്നിവര്‍ക്ക് പുറമെ മലപ്പുറം ജില്ല ഒഐസിസി പ്രസിഡന്റ് സിദ്ദിഖ് കല്ലുമ്പറമ്പനും നേതൃത്വം നല്‍കിവരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week