ആലപ്പുഴ:ജി സുധാകരൻ മന്ത്രിയായിരിക്കെ നടത്തിയ ദേശീയ പാതാ നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിൽ വിശദീകരണവുമായി എ എം ആരിഫ് എംപി. അന്വേഷണം സുധാകരൻ മന്ത്രിയായിരുന്നപ്പോഴെ തുടങ്ങിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വിശദീകരിച്ചു.
പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണിത റോഡിൽ ഇപ്പോൾ നിറയെ കുഴികൾ ആണെന്നും ഇതിനെക്കുറിച്ച് അന്വേഷിച്ച് പരിഹാരം കാണണമെന്നുമാണ് ആരിഫ് പറയുന്നത്. റോഡ് സഞ്ചാര യോഗ്യം ആക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും മറ്റ് വ്യാഖ്യാനങ്ങൾ വേണ്ടെന്നും ആലപ്പുഴ എം പി മാധ്യമങ്ങളോട് പറഞ്ഞു.
നൂറു ശതമാനം സത്യസന്ധനായ മന്ത്രി ആയിരുന്നു ജി സുധാകരൻ എന്ന് പറഞ്ഞ ആരിഫ്, വകുപ്പ് തലത്തിൽ പരിഹരിക്കാൻ ഇടപെടൽ നടത്തിയിരുന്നുവെന്നും വിശദീകരിക്കുന്നു. പുതിയ സാങ്കേതിക വിദ്യ നടപ്പാക്കുമ്പോൾ പ്രശനം ഉണ്ടാകാമെന്നും അത് മുൻകൂട്ടി കാണാൻ മന്ത്രിക്ക് കഴിയണമെന്നില്ലെന്നുമാണ് ആരിഫിന്‍റെ വിശദീകരണം. എന്നാൽ ഉദ്യോഗസ്ഥർ ഇതെല്ലാ മുൻകൂട്ടി കാണണമായിരുന്നുവെന്നും എംപി പറയുന്നു.
ദേശീയ പാതയിലെ കുഴികൾ നേരത്തെ ശ്രദ്ധയിൽപ്പെട്ടതാണെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. സുധാകരൻ മന്ത്രിയായ കാലത്തേ പരിശോധനയും അന്വേഷണവും തുടങ്ങിയതാണെന്നും ഇക്കാര്യം കാണിച്ച് ചില നിർദ്ദേശങ്ങൾ വച്ച് കേന്ദ്രത്തിന് കത്ത് നൽകിയെന്നും ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രി പറഞ്ഞു. കരാറുകാരൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അതും പരിശോധിക്കും.
ജി സുധാകരൻ നല്ല രീതിയിലാണ് കാര്യങ്ങൾ നടത്തിയതെന്നും അതിൻ്റെ തുടർച്ചയാണ് മുഹമ്മദ് റിയാസിനും ഉള്ളതെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത 66 ൽ അരൂർ മതൽ ചേർത്തല വരെ (23.6 KM)പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫ് ആരോപിക്കുന്നത്. 2019 ൽ 36 കോടി ചിലവഴിച്ച് ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു റോഡിന്‍റെ പുനർനിർമാണം. കേന്ദ്ര ഫണ്ട് എങ്കിലും നിർമാണ ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാതവിഭാഗത്തിന് ആയിരുന്നു. ജർമൻ സാങ്കേതികവിദ്യ എന്ന ആശയം കേന്ദ്രത്തിന്റേതായിരുന്നു. മൂന്ന് വർഷം ഗ്യാരണ്ടിയോടെ നിർമ്മിച്ച റോഡിന് നിലവാരമില്ലെന്നും റോഡിൽ ഉടനീളം കുഴികൾ രൂപപ്പെടുന്ന സ്ഥിതിയാണിപ്പോഴെന്നുമാണ് എംപി കുറ്റപ്പെടുത്തുന്നത്.