എ.എം ആരിഫിന്റെ കത്ത് ലഭിച്ചു; വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: എ.എം ആരിഫിന്റെ കത്ത് സ്ഥിരീകരിച്ച് മുഹമ്മദ് റിയാസ്. ആരിഫ് എംപിയുടെ കത്ത് ലഭിച്ചുവെന്നും കരാറുകാരന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊതുമരാമരത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ജി .സുധാകരന്‍ മന്ത്രിയായ കാലത്തും പരാതി ലഭിച്ചിരുന്നുവെന്ന് മന്ത്രി അറിയിച്ചു. ചില നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ജി സുധാകരന്റെ തുടര്‍ച്ചയാണ് താനെന്നും റിയാസ് പറഞ്ഞു.

ജി. സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് കാണിച്ചാണ് എ.എം. ആരിഫ് എം.പി കത്ത് നല്‍കിയത്. ദേശീയപാത 66 ല്‍ അരൂര്‍ മതല്‍ ചേര്‍ത്തല വരെ (23.6 KM) പുനര്‍നിര്‍മിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന് ആരിഫ് ആരോപിച്ചു. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എഎം ആരിഫ് എംപി കത്ത് നല്‍കി. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി വേണമെന്നും കത്തില്‍ പറയുന്നു.

2019 ല്‍ 36 കോടി ചെലവിട്ട് ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പുനര്‍നിര്‍മാണം. കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണെങ്കിലും നിര്‍മാണ ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാതവിഭാഗത്തിന് ആയിരുന്നു. ജര്‍മന്‍ സാങ്കേതികവിദ്യ എന്ന ആശയം കേന്ദ്രത്തിന്റേതാണ്. മൂന്ന് വര്‍ഷം ഗ്യാരണ്ടിയോടെ നിര്‍മ്മിച്ച റോഡിന് നിലവാരം ഇല്ലെന്നും റോഡില്‍ ഉടനീളം കുഴികള്‍ രൂപപ്പെടുന്നുവെന്നും ആരിഫ് എംപി ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News