കേരള രാഷ്ട്രീയത്തിലേക്ക് ഇനി താനില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. കേരളത്തിലെ തന്റെ രാഷ്ട്രീയം 2004ല്‍ അവസാനിച്ചു.രാജ്യസഭാ കാലാവധി കഴിഞ്ഞാല്‍ കേരളത്തിലേക്ക് മടങ്ങുമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ സി.പി.എമ്മിന് തുടര്‍ഭരണം കിട്ടിയാല്‍ പി.ബിക്ക് പോലും നിയന്ത്രിക്കാനാവാത്ത സ്ഥിതി വരും. ഭരണത്തുടര്‍ച്ച കേരളത്തിന്റെ സര്‍വ്വ നാശത്തിനാവും വഴി തെളിക്കുക. കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതാവ് കെ.പി.സി.സി പ്രസിഡന്റാണ്. അതേസമയം, കൂട്ടായ നേതൃത്വമാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യു.ഡി.എഫ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോള്‍ ആരെയും ഉയര്‍ത്തിക്കാട്ടുന്നില്ല. മികച്ച വിജയത്തിന് കൂട്ടായ പരിശ്രമം വേണ്ടതിനാലാണ് ഇത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ എല്ലാ നേതാക്കളും വിട്ടുവീഴ്ച ചെയ്തു. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് എന്ന ദിവാസ്വപ്നം തനിക്കില്ല. വനിതാപ്രാതിനിദ്ധ്യത്തിന്റെ കാര്യത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും വീഴ്ചയുണ്ടായി. ഈ തെറ്റ് യു.ഡി.എഫ് ആവര്‍ത്തിക്കില്ല.
മുസ്ലീം ലീഗ് യു.ഡി.എഫിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മുന്നണി രാഷ്ട്രീയത്തില്‍ മേധാവിത്വത്തിന് പ്രസക്തിയില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയെക്കുറിച്ച് നല്ല അഭിപ്രായമാണ്. കോണ്‍ഗ്രസില്‍ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്.
ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കുമാണ് കേരളത്തില്‍ വലിയ സ്വാധീനമുള്ളത്. യു.ഡി.എഫ് വിട്ട ജോസ് കെ.മാണി ചെയ്തത് ശരിയല്ല. അത് ആ പാര്‍ട്ടിക്കും ഗുണം ചെയ്യില്ല. കേരളത്തില്‍ ബി.ജെ.പിക്ക് വളരാന്‍ ഒരു പരിധിയുണ്ട്. നേമത്ത് രാജഗോപാല്‍ ജയിച്ചത് അദ്ദേഹത്തിന് കിട്ടിയ പ്രത്യേക പരിഗണന കാരണമാണെന്നും ആന്റണി പറഞ്ഞു.