ന്യൂഡല്‍ഹി: കന്യാകുമാരിയിലെ വിവേകാനന്ദ പാറ സ്മാരകത്തിലെ ധ്യാനയോഗത്തിന് ശേഷം തന്നിലേക്ക് ഒരു ദിവ്യമായ ഊര്‍ജ്ജം കൈവന്നത് പോലെ തോന്നുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 45 മണിക്കൂര്‍ ധ്യാനത്തിന് ശേഷം നരേന്ദ്ര മോദി എഴുതിയ കുറിപ്പ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിര്‍മ്മല സീതാരാമന്‍ എക്‌സ് അക്കൗണ്ടില്‍ പങ്ക് വെച്ചു.
‘ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കന്യാകുമാരിയിലെ ‘വിവേകാനന്ദ പാറ സ്മാരകം’ സന്ദര്‍ശിക്കുമ്പോള്‍ എനിക്ക് ഒരു ദിവ്യമായ ഊര്‍ജ്ജം തോന്നുന്നു. ഈ പാറയിലാണ് അമ്മ പാര്‍വതിയും സ്വാമി വിവേകാനന്ദനും ധ്യാനിച്ചത്. പിന്നീട് ഏകനാഥ് റാനഡേ രൂപാന്തരപ്പെട്ടു. ഈ പാറ സ്വാമി വിവേകാനന്ദന്റെ ചിന്തകള്‍ക്ക് ജീവന്‍ നല്‍കിയ ‘ശിലാ സ്മാരകം’ ആയി മാറി,’ അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം സ്വാമി വിവേകാനന്ദന്റെ മൂല്യങ്ങളും ആദര്‍ശങ്ങളും ഉള്‍ക്കൊള്ളുന്ന ഇന്ത്യ എന്ന നിലയില്‍, ഈ പുണ്യസ്ഥലത്ത് ധ്യാനിക്കാന്‍ തനിക്കും അവസരം ലഭിച്ചത് തന്റെ ഭാഗ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ശിലാ സ്മാരകത്തിലെ തന്റെ ധ്യാനം ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളില്‍ ഒന്നാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
‘എന്റെ ജീവിതത്തിലെ ഓരോ നിമിഷവും എന്റെ ശരീരത്തിലെ ഓരോ കണികയും രാഷ്ട്രസേവനത്തിനായി എപ്പോഴും സമര്‍പ്പിക്കുമെന്ന എന്റെ ദൃഢനിശ്ചയം ഒരിക്കല്‍ കൂടി ഞാന്‍ ഉറപ്പിക്കുന്നു. രാഷ്ട്രത്തിന്റെ പുരോഗതിക്കും പൗരന്മാരുടെ ക്ഷേമത്തിനും ആശംസകളോടെ, ഞാന്‍ ‘മാ ഭാരതി’ക്ക് എന്റെ അങ്ങേയറ്റത്തെ ആദരവ് അര്‍പ്പിക്കുന്നു,’ അദ്ദേഹം കുറിപ്പില്‍ പങ്ക് വെച്ചു.
മെയ് 30 വൈകുന്നേരം മുതല്‍ ജൂണ്‍ 1 വൈകുന്നേരം വരെ ഏകദേശം 45 മണിക്കൂറോളമാണ് പ്രധാനമന്ത്രി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരുന്നത്. സ്വാമി വിവേകാനന്ദന്‍ ധ്യാനിച്ച അതേ സ്ഥലമായ ധ്യാന്‍ മണ്ഡപത്തില്‍ ഒരു രാവും പകലും അദ്ദേഹം ധ്യാനിച്ചു. ഹിന്ദു തത്ത്വചിന്തകനായ സ്വാമി വിവേകാനന്ദന് ഭാരത മാതാവിനെ കുറിച്ച് ദിവ്യ ദര്‍ശനം ലഭിച്ചതായി വിശ്വസിക്കപ്പെടുന്ന മണ്ഡപമാണ് ഇത്.
വ്യാഴാഴ്ച അവസാന ഘട്ട വോട്ടെടുപ്പിന്റെ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ചതിന് പിന്നാലെയാണ് പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ നിന്ന് പ്രധാനമന്ത്രി കന്യാകുമാരിയില്‍ എത്തിയത്. റാലികളും റോഡ് ഷോകളും ഉള്‍പ്പെടെ 206 ഓളം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളാണ് 75 ദിവസത്തിനിടെ പ്രധാനമന്ത്രി നടത്തിയത്. വ്യത്യസ്ത മാധ്യമങ്ങള്‍ക്കായി 80 ഓളം അഭിമുഖങ്ങളും അദ്ദേഹം നടത്തി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പ്രധാനമന്ത്രി ആത്മീയ യാത്രകള്‍ നടത്താറുണ്ട്. 2019ല്‍ അദ്ദേഹം കേദാര്‍നാഥും 2014ല്‍ ശിവജിയുടെ പ്രതാപ്ഗഡും സന്ദര്‍ശിച്ചിരുന്നു. ഏപ്രില്‍ 19 ന് ആരംഭിച്ച ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടമാണ് ഇന്നത്തോടെ പൂര്‍ത്തിയായത്. വോട്ടെണ്ണല്‍ ജൂണ്‍ 4 ന് നടക്കും.