FeaturedHome-bannerKeralaNews

മുട്ടിൽ മരംമുറി കേസ്; പിഴ ചുമത്തി റവന്യൂ വകുപ്പ്; 35 കേസുകളിലായി 8 കോടിയോളം രൂപ പിഴ ചുമത്തി

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ പിഴ ചുമത്തി തുടങ്ങി റവന്യൂ വകുപ്പ്. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 35 കേസുകളിലായി എട്ടുകോടിയോളം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കേസിൽ റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർ പിഴയൊടുക്കണം.

മുറിച്ച് കടത്തിയ മരത്തിൻ്റെ മൂന്നിരട്ടിവരെയാണ് പിഴ അടക്കേണ്ടി വരിക. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുൽ നടപടി ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നു.

റോജി അഗസ്റ്റിൻ കബളിപ്പിച്ച കർഷകർക്കും പിഴ നോട്ടീസ് നൽകിയിട്ടുണ്ട്. 27 കേസുകളിലെ വിലനിർണയം അവസാനഘട്ടത്തിലാണ്. ആൻ്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും വൈകാതെ നോട്ടീസെത്തുമെന്നും റവന്യൂ വകുപ്പ് അറിയിച്ചു.

എന്താണ് മുട്ടിൽ മരം മുറി കേസ്

മൂന്ന് തരം പട്ടയഭൂമിയാണ് ഉള്ളത്. ജന്മം പട്ടയം, ലാന്റ് ട്രിബ്യൂണൽ പട്ടയം, ലാന്റ് അസൈൻമെന്റ് പട്ടയം. ഇതിൽ ലാന്റ് അസൈൻമെന്റ് പട്ടയം അനുവദിച്ച ഭൂമിയിലെ ചില മരങ്ങളുടെ ഉടമസ്ഥത സർക്കാരിനാണ്. നാല് തരം മരങ്ങളുടെ ഉടമസ്ഥതയാണ് സർക്കാരിനുള്ളത്. ചന്ദനം, തേക്ക്, വീട്ടി, എബണി എന്നീ രാജകീയ മരങ്ങളാണ് അവ. ലാന്റ് അസൈൻമെന്റ് പട്ടയം കൂടുതലായും നൽകിയിട്ടുള്ളത് വയനാട്, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലാണ്. വയനാട്ടിലുള്ള, ഇങ്ങനെയൊരു പട്ടയഭൂമിയാണ് മുട്ടിൽ.

ഈ ഭൂമികളിലെ മരങ്ങളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് പട്ടയഭൂമിയുടെ കൈവശക്കാരും സർക്കാരും തമ്മിൽ പല കാലങ്ങളിൽ പല തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. അങ്ങനെ പല കാലങ്ങളിലായി പല ഉത്തരവുകളും ഇറങ്ങിയിട്ടുമുണ്ട്. ഇപ്പോൾ സജീവ ചർച്ചയായ മുട്ടിൽ മരം മുറിക്കേസിലേക്ക് നയിച്ചത് 2020 ൽ ഇറങ്ങിയ ഒരു ഉത്തരവാണ്. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ ജയതിലകിന്റെ ആ വിവാദ ഉത്തരവ് 2020 ഒക്ടോബർ 24 നാണു വരുന്നത്. ഉത്തരവിൽ ഉണ്ടായിരുന്നത് ചന്ദനമൊഴികെയുള്ള മറ്റെല്ലാ മരങ്ങളും ഈ ഭൂമികളിൽ നിന്ന് മുറിക്കാം എന്നായിരുന്നു. അതായത് രാജകീയ മരങ്ങളുടെ പട്ടികയിൽ ചന്ദനം മാറ്റിനിർത്തിയാൽ ബാക്കിയുള്ള വീട്ടി, തേക്ക്, എബണി ഒക്കെ ഭൂവുടമകൾക്ക് മുറിക്കാം എന്നായി. മരം മുറിക്കുന്നതിനെതിരെ ഉദ്യോഗസ്ഥർ തടസ്സം നിൽക്കാൻ പാടില്ലെന്ന അസാധാരണ വ്യവസ്ഥയും ആ ഉത്തരവിലുണ്ടായിരുന്നു. വൃക്ഷവില സർക്കാരിലേക്ക് അടച്ചാൽ പോലും ഉടമസ്ഥത ലഭിക്കാതിരുന്ന ഈ മരങ്ങളൊക്കെ ആ ഉത്തരവോടെ ഉടമസ്ഥരുടെ സ്വന്തമായി മാറി.

മൂന്ന് മാസത്തെ മാത്രം ആയുസ്സായിരുന്നു ആ ഉത്തരവിനുണ്ടായിരുന്നത്. പക്ഷെ ആ മൂന്ന് മാസം കൊണ്ട് വൻ തോതിൽ മരം മുറി നടന്നു. തടിക്കൊള്ളക്കാരും തടിമാഫിയയും അരയും തലയും മുറുക്കി മരം മുറിക്കാനിറങ്ങി. പട്ടയഭൂമിയുടെ ഉടമകളായ ആദിവാസികളെയും കർഷകരെയുമൊക്കെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങൾ മോഹവില വരുന്ന വീട്ടിമരങ്ങൾ ചുളുവിലക്ക് തടിമാഫിയ സ്വന്തമാക്കി. കോടികളുടെ വനംകൊള്ളയായി ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തുള്ള മരംമുറി മാറി.

നൂറുകണക്കിന് വർഷങ്ങളായി വെട്ടാതെ കിടന്ന മരങ്ങളൊക്കെ അങ്ങനെ ലോറിയിൽ കയറി. മുട്ടിലിൽ മാത്രമല്ല, എറണാകുളത്തും തൃശൂരും ഇടുക്കിയിലും ഒക്കെ വലിയ തോതിൽ മരം മുറി നടന്നു. പക്ഷെ മുട്ടിൽ ഗ്രാമത്തിൽ നടന്നത് സമാനതകളില്ലാത്ത മരം മുറിയായിരുന്നു. കണക്കുകൾ പ്രകാരം മുട്ടിൽ വില്ലേജിൽ നിന്ന് മാത്രം 15 കോടി രൂപയുടെ മരങ്ങളാണ് മുറിച്ചിട്ടുള്ളത്.

അങ്ങനെ മരം മുറി വിവാദമായതോടെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. കേസും എടുത്തു. ഉപ്പ് തിന്നവർ വെള്ളം കുടിക്കും എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആ ഘട്ടത്തിൽ പറഞ്ഞത്. പക്ഷെ അടിമുടി ദുരൂഹത നിറഞ്ഞ ആ ഉത്തരവ് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞില്ല. കർഷകരെ സഹായിക്കാൻ ഉണ്ടാക്കിയ ഉത്തരവ് ചിലർ മുതലെടുക്കുകയായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രി നിലപാടെടുത്തത്. എന്തായാലും, ആ ഉത്തരവിന്റെ മറവിൽ 300 വർഷം പഴക്കമുള്ള സംരക്ഷിത മരങ്ങളും മുട്ടിലിൽ മുറിക്കപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ ഇടപെടലും വന്നതോടെ നിരവധി കേസുകൾ രെജിസ്റ്റർ ചെയ്യപ്പെട്ടു. മുട്ടിൽ നടന്ന വ്യാപക മരംമുറിയിൽ പ്രധാന പ്രതികളായത് സഹോദരങ്ങളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും ആയിരുന്നു. മാം​ഗോ ഫോൺ ഉടമകളായ വ്യവസായികളാണ് അ​ഗസ്റ്റിൻ ബ്രദേഴ്സ്.

പ്രതികൾക്കെതിരെ നിർണായക തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു എന്നാണ് പിന്നീട് പുറത്തുവന്നത്. ആദിവാസി കർഷകർ ഉൾപ്പെടെ ഭൂവുടമകൾ മരം മുറിക്കാൻ സമ്മതിച്ചുകൊണ്ട് എഴുതി നൽകിയ കത്തുകൾ എന്ന നിലയിൽ പ്രതികൾ വില്ലേജ് ഓഫീസിൽ സമർപ്പിച്ചത് വ്യാജമാണെന്ന് കണ്ടെത്തി. മുഖ്യപ്രതി റോജി അഗസ്റ്റിൻ സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയാണ് ഇതെന്ന് ഫൊറന്സിക്ക് പരിശോധനയിൽ കണ്ടെത്തി. ഇത്തരത്തിൽ ഏഴ് കത്തുകളാണ് റോജി ഹാജരാക്കിയിരുന്നത്. മുറിച്ച മരങ്ങൾക്ക് മുന്നൂറിലേറെ വർഷത്തെ പഴക്കമുണ്ടെന്ന് ഡിഎൻഎ പരിശോധനയിലൂടെയും തെളിഞ്ഞു. 104 മരങ്ങളാണ് അഗസ്റ്റിൻ സഹോദരന്മാർ മുട്ടിലിൽ നിന്ന് മുറിച്ചെടുത്തത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ആദിവാസികളെയും പാവങ്ങളായ ഭൂവുടമകളെയും കബളിപ്പിച്ച് കുറഞ്ഞ വിലക്ക് വ്യാജ അപേക്ഷയും കള്ള ഒപ്പും തയ്യാറാക്കി വിവാദ ഉത്തരവിനെ മറയാക്കി കോടിക്കണക്കിന് രൂപയുടെ മരം മുറിച്ച് കടത്തിയെന്ന കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. വനംവകുപ്പിന്റെയും രാജ്യത്തിന്റെയും ചരിത്രത്തിൽ ആദ്യമായാണ് മരങ്ങളുടെ ഡിഎൻഎ ടെസ്റ്റ് നടത്തിയതെന്നാണ് കേസന്വേഷണത്തെക്കുറിച്ച് സംസാരിച്ചപ്പോൾ വനംമന്ത്രി വിശദീകരിച്ചത്. 574 വർഷം വരെ പഴക്കമുള്ള മരമുൾപ്പെടെയാണ് മുറിച്ചതെന്ന് ഡിഎൻഎ റിപ്പോർട്ടിലുണ്ടെന്ന് വാർത്തകൾ വന്നിരുന്നു.

കർഷകരും ആദിവാസികളും ഉൾപ്പെടെ പ്രതി ചേർക്കപ്പെട്ട 28 പേരെ കേസിൽ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. 68 പ്രതികളുള്ള കേസിലെ 20 ആദിവാസികളെയും എട്ട്‌ കർഷകരെയുമാണ്‌ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയത്‌. ആദിവാസികളെയും കർഷകരെയും പറ്റിച്ചാണ് മരംമുറിച്ചെന്ന കണ്ടെത്തലിലായിരുന്നു ഇത്. വി​ല്ലേ​ജ് ഓ​ഫി​സി​ൽ ഭൂ​വു​ട​മ​ക​ളു​ടെ പേ​രി​ൽ ന​ൽ​കി​യ അ​പേ​ക്ഷയും ഒപ്പും വ്യാ​ജ​മാ​ണെ​ന്ന ഫോ​റ​ൻ​സി​ക് പ​രി​ശോ​ധനാ ഫലമാണ് പ്രതികൾക്കെതിരായ പ്രധാന തെളിവായി മാറുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button