തിരുവനന്തപുരം: മന്ത്രിയെ എന്‍ ഐ എ ചോദ്യം ചെയ്യുന്നത് അസാധാരണ സംഭവമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ എന്‍ഐഎയെ തളളിപ്പറയാനാണോ ശ്രമിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.
‘നേരത്തേ ശശീന്ദ്രന്റെയും ഇ പി ജയരാജന്റെയും കാര്യത്തില്‍ സ്വീകരിച്ച നിലപാട് ജലീലിന്റെ കാര്യത്തില്‍ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല. തലയില്‍ മുണ്ടിട്ടാണ് ജലീല്‍ ചോദ്യംചെയ്യലിന് എത്തിയത്. ജലീല്‍ അധികാരത്തില്‍ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ഒരു അര്‍ഹതയുമില്ല. രാജിവച്ച് ജനവിധി തേടുകയാണ് വേണ്ടത്. സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം കൂടുതല്‍ ശക്തമാക്കും- ചെന്നിത്തല പറഞ്ഞു.
ഇന്നലെ സ്വര്‍ണക്കടത്ത് മുതല്‍ ലൈഫ് മിഷന് തട്ടിപ്പ് വരെയുള്ള വീഴ്ചകളിലും, അഴിമതികളിലും ക്ഷോഭമല്ല വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്ന കത്ത് അയച്ചിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ദേശദ്രോഹകുറ്റമുള്‍പ്പെടെ ചുമത്താവുന്ന തരത്തിലുളള ആരോപണങ്ങളുണ്ടായി. പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെയുണ്ടായതും അതീവ ഗുരുതരമായ ആരോപണങ്ങളാണെന്നും കത്തില്‍ പറഞ്ഞിരുന്നു.