കേസെടുത്താലും ജലീല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് സി.പി.എം

തിരുവനന്തപുരം: കേസെടുത്താലും കെ.ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി സി.പി.എം. ജലീല്‍ രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. അത് സി.പി.എമ്മിന്റെ നിലപാടാണ്. പ്രതിപക്ഷമല്ല അതിന്റെ അപ്പുറത്തെ പക്ഷം വന്നാലും ജലീല്‍ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീല്‍ ഒരു കേസിലും പ്രതിയല്ല. ഒരു പ്രശ്നവും അദ്ദേഹത്തിനില്ല. അന്വേഷണം നടക്കട്ടെ. ഒന്നും മറച്ചുവയ്ക്കാനില്ല. എന്‍.ഐ.എ വിളിപ്പിച്ചു അദ്ദേഹം പോയി. അതില്‍ എന്താണ് തെറ്റെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതിയായി വരേണ്ട ആള്‍ കേന്ദ്രമന്ത്രി വി.മുരളീധരനാണ്. അദ്ദേഹം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് സ്വര്‍ണക്കടത്ത് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടല്ല നടന്നത് എന്നാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. കേസിലെ രണ്ടാമത്തെ ആള്‍ അനില്‍ നമ്പ്യാരാണ്. ഇയാളാണ് പ്രതികള്‍ക്ക് ബുദ്ധി പറഞ്ഞുകൊടുത്തത്. അന്വേഷണം അങ്ങോട്ടേക്ക് പോകാതെ കേസ് അവസാനിക്കില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News