ന്യൂഡല്‍ഹി: ഇന്ത്യ നിര്‍മ്മിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിന്‍ അടുത്തവര്‍ഷം ആദ്യത്തോടെ വിപണയിലെത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. എന്നാല്‍ വാക്‌സിന്‍ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച ശേഷം മാത്രമേ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്‌സിന്‍ തയാറായി കഴിഞ്ഞാല്‍ ആവശ്യകത അനുസരിച്ച് മുന്‍ഗണന ക്രമം അനുസരിച്ച് വിതരണം ചെയ്യുകയുള്ളുവെന്നും മന്ത്രി അറിയിച്ചു. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിച്ച കൊവിഡ് വാക്‌സിന്റെ പരീക്ഷണം കഴിഞ്ഞദിവസം പുനഃരാരംഭിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. വാക്‌സിന്‍ പരീക്ഷിച്ച ഒരാളില്‍ അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തേ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു.