പത്തനംതിട്ട: ആംബുലന്‍സില്‍ പീഡനത്തിനിരയായ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ക്ഷതവും പിടിവലിക്കിടെ വീണതിനെ തുടര്‍ന്ന് മുട്ടില്‍ ഗുരുതരമായി പരിക്കും. രോഗവും പരിക്കുമൊന്നും വക വെയ്ക്കാതെയായിരുന്നു പ്രതി പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചത്. ശാരീരികമായും മാനസികമായും അവശയായി പോയ യുവതി മൊഴി നല്കാവുന്ന സ്ഥിതിയിലല്ലെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
യുവതിയെ പീഡിപ്പിക്കുന്നത് ലക്ഷ്യമിട്ട് ആസൂത്രിതമായ നീക്കമായിരുന്നു ഇയാള്‍ നടത്തിയത്. കോഴഞ്ചേരിയിലേക്ക് വേഗത്തില്‍ വന്ന ആംബുലന്‍സ് പന്തളത്തേക്ക് മടങ്ങിയത് വേഗം കുറച്ചായിരുന്നു. യാത്രയില്‍ പെണ്‍കുട്ടിയോട് അശ്ളീലമായ രീതിയില്‍ സംസാരിച്ചു. നേരത്തെ വിമാനത്താവളത്തിന് വേണ്ടി എടുത്ത സ്ഥലമെത്തിയപ്പോള്‍ അവിടേയ്ക്ക് ആംബുലന്‍സ് ഓടിച്ചു കയറ്റി. പിന്നീട് പുറത്തിറങ്ങി പിന്‍വാതില്‍ തുറന്ന് പെണ്‍കുട്ടിയുടെ അടുത്തേക്ക് എത്തി. അകത്ത് കയറിയ ശേഷം വാതില്‍ കുറ്റിയിട്ടപ്പോള്‍ പെണ്‍കുട്ടി ഭയപ്പെട്ട് നിലവിളിച്ചു.
ഉപദ്രവിക്കാനുള്ള ശ്രമം പെണ്‍കുട്ടി ആദ്യം പ്രതിരോധിച്ചു. ഈ പിടിവലിക്കിടയില്‍ മുട്ടിടിച്ചു വീണു പരിക്കേറ്റതോടെ പെണ്‍കുട്ടി ദുര്‍ബ്ബലയായി. എല്ലാം കഴിഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തട്ടിക്കൊണ്ടു പോകലിനും പ്രതി നൗഫലിനെതിരേ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ പന്തളം അര്‍ച്ചന ഫസ്റ്റ് ലൈന്‍ പരിശോധനാ കേന്ദ്രത്തില്‍ ഇറക്കാതെ കോഴഞ്ചേരിക്ക് കൊണ്ടുപോയതാണ് തട്ടിക്കൊണ്ടു പോകലിന്റെ പരിധിയില്‍ വരുന്നത്.
ആംബുലന്‍സ് ഡ്രൈവര്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്. 108 ആംബുലന്‍സിന്റെ നടത്തിപ്പ് കമ്പനി പ്രതിനിധികള്‍ നൗഫലിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസിനു കൈമാറി. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പലവട്ടം ആവശ്യപ്പെട്ടിട്ടും നൗഫല്‍ ഹാജരാക്കിയില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ആംബുലന്‍സിന്റെ ഗ്ലോബല്‍ പൊസിഷന്‍ സംവിധാനം (ജിപിഎസ്) പ്രവര്‍ത്തിച്ചിരുന്നില്ലെന്ന മോട്ടര്‍ വാഹനവകുപ്പിന്റെ വാദം പോലീസ് തള്ളി. ജിപിഎസിലെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായാണ് വിവരം.