തൃശൂര്‍: തലപ്പിള്ളി തഹസില്‍ദാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ഓഫീസ് താത്കാലികമായി അടച്ചു. തഹസില്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
അതേസമയം ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ 3 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു. വടക്കാഞ്ചേരി നഗരസഭയുടെ പതിനെട്ടാം ഡിവിഷന്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ്, മതിലകം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.
ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം മൂലമുള്ള കൊവിഡ് രോഗികള്‍ ഗണ്യമായി വര്‍ധിക്കുകയും പുതിയ ക്ലസ്റ്ററുകള്‍ രൂപം കൊള്ളുകയും ചെയ്ത സാഹചര്യത്തില്‍, സാമൂഹിക സമ്പര്‍ക്കം കുറയ്ക്കാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. മന്ത്രി എ.സി. മൊയ്തീന്‍, ചീഫ് വിപ് കെ.രാജന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം പ്രതിരോധ നടപടികള്‍ക്കു രൂപം നല്‍കി.
നിലവിലുള്ള ക്ലസ്റ്ററുകളില്‍ നിന്നു കൂടുതല്‍ രോഗികള്‍ ഉണ്ടാവുന്നതും ക്ലസ്റ്ററുകളുടെ എണ്ണം വര്‍ധിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നതാണെന്നു യോഗം വിലയിരുത്തി. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നു വരുന്ന രോഗികള്‍ക്കായി മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡ് സജ്ജമാക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. എം എ ആന്‍ഡ്രൂസ് അറിയിച്ചു.