കൊച്ചി പുലര്‍ച്ചെ മുതല്‍ മണിക്കൂറുകളോളം നിര്‍ത്താതെ പെയ്ത മഴയില്‍ കൊച്ചിനഗരം വീണ്ടും വെള്ളക്കെട്ടിലായി.എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറി. നഗരത്തില്‍ പനമ്പള്ളിനഗര്‍ റോഡില്‍ വെള്ളം നിറഞ്ഞൊഴുകുകയാണ്. എംജി റോഡിലും സൗത്ത് കടവന്ത്രയിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും വെള്ളം കയറി.എം.ജിറോഡിലെ വ്യാപാരസ്ഥാപനങ്ങളുടെ ഗ്രൗണ്ട് ഫ്‌ളോര്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.
നഗരത്തിനു പുറത്ത് പേട്ട ജംക്ഷന്‍, തോപ്പുംപടി, കുണ്ടന്നൂര്‍ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. പള്ളുരുത്തിയില്‍ ചില പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ഇന്നലെ രാത്രി പത്തുമണിയോടെ തുടങ്ങിയ മഴയ്ക്ക് ഉച്ചയായിട്ടും ശമനമില്ല.
അപ്രതീക്ഷിത പെരുമഴ പ്രതീക്ഷിയ്ക്കാതെ ജോലിയ്ക്കും മറ്റുമായി ഇരുചക്ര വാഹനങ്ങളില്‍ രാവിലെ ഓഫിസുകളിലേക്കും സ്ഥാപനങ്ങളിലേക്കും പോയവരാണ് ശരിക്കും കുടുങ്ങിയത്. പലരും പകുതി വഴിയിലെത്തി മടങ്ങിപ്പോകുന്നത് കാണാം. പല റോഡുകളിലും കുഴിയുള്ളത് അപകടമുണ്ടാക്കുന്നുണ്ട്. പലയിടത്തും കാന തുറന്നിട്ട് അടച്ചിടാത്തതിനാല്‍ കാല്‍നടക്കാരും ദുരിതത്തിലായി. റോഡിന് വശങ്ങളിലൂടെ നടന്നു പോകാന്‍ ശ്രമിച്ചവര്‍ വഴി കാണാനാകാതെ കുടുങ്ങി. കടകളില്‍ പലതിലും വെള്ളം കയറിത്തുടങ്ങിയതോടെ അടച്ചിടേണ്ടി വന്നിട്ടുണ്ട്. പനമ്പള്ളി നഗറിലെ റസ്റ്ററന്റിലും സമീപത്തെ കടകളിലും വെള്ളം കയറിയതോടെ അടച്ചിടേണ്ടി വന്നു.
കൊച്ചിയില്‍ ഓപ്പറേഷന്‍ ബ്രേക്ത്രൂവിന്റെ ഭാഗമായി കാനകളും മറ്റും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നതിനു നടപടി എടുത്തിരുന്നു. എന്നാല്‍ കനത്ത മഴ തുടര്‍ന്നതോടെ ഇതൊന്നും ഫലം കണ്ടിട്ടില്ലെന്നാണ് മനസിലാകുന്നത്. ശാസ്ത്രീയമായി വെള്ളം ഒഴുകിപ്പോകാന്‍ നടപടി സ്വീകരിക്കാത്തതാണ് വെള്ളപ്പൊക്കം തുടരാന്‍ കാരണമെന്നാണ് ആരോപണം. 2018 ഓഗസ്റ്റ് പകുതിയോടെ പെയ്ത മഴയില്‍ സമാനമായ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും വെള്ളം കയറിയതോടെ ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക താല്‍പര്യമെടുത്താണ് കലക്ടര്‍ വെള്ളക്കെട്ടുകള്‍ തടയാന്‍ നടപടിയെടുത്തത്. എന്നാല്‍ അതൊന്നും ഫലം കണ്ടിട്ടില്ല എന്നാണ് ഇന്നു നഗരത്തില്‍ വെള്ളം കയറിയതിലൂടെ മനസിലാകുന്നത്.
കൊച്ചിയില്‍ വെള്ളം കയറിയ പല സ്ഥലങ്ങളിലും കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ദുരിതം ഇരട്ടിയാക്കി. കോവിഡ് ദുരിതകാലത്ത് വെള്ളം ഉയര്‍ന്ന ജനങ്ങളെ ദുരിതത്തിലാക്കി. പ്രത്യേകിച്ചും പള്ളുരുത്തി, തമ്മനം പ്രദേശങ്ങളിലെല്ലാം ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. പള്ളുരുത്തിയില്‍ വെള്ളം കയറിയ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ച സ്ഥലമാണ്. ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്നത് രോഗബാധ വ്യാപിക്കുന്നതിന് ഇടയാക്കുമോ എന്ന ഭീതിയും ഉയര്‍ത്തുന്നു.
മുണ്ടംവേലി, ഉദയകോളനി, കമ്മട്ടിപ്പാടം പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. കുമ്പളങ്ങിയില്‍ കോവിഡ് രോഗിയുടെ വീട്ടില്‍ വെള്ളം കയറി. പശ്ചിമ കൊച്ചിയില്‍ പല സ്ഥലങ്ങളും വെള്ളത്തിലാണ്. എറണാകുളം ജില്ലയ്ക്ക് ഇന്നലെയും ഇന്നും കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട് നല്‍കിയിരുന്നു. 48 മണിക്കൂര്‍ കൂടി മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
കോട്ടയം റെയില്‍വേസ്‌റ്റേഷനു സമീപം മണ്ണിടിഞ്ഞുവാണതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിലച്ച അവസ്ഥയിലാണ്.