തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ ഉയരുന്നു. ഇന്ന് അഞ്ചു കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടുപേരാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ആലപ്പുഴയിലും ചികിത്സയിലായിരുന്നവരാണ് മരിച്ചത്.
ആലപ്പുഴ കാട്ടൂര്‍ തെക്കേതൈക്കല്‍ വീട്ടില്‍ മറിയാമ്മ (85) ആണ് കൊവിഡ് മരണം സ്ഥിരീകരിച്ച അവസാനത്തെയാള്‍. ശ്വാസതടസം അനുഭവപ്പെട്ട മറിയാമ്മ ഇന്നലെയാണ് ആശുപത്രിയില്‍ മരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് ഇന്ന് രണ്ടാമത്തെ കൊവിഡ് മരണമാണ്. ചെട്ടിവിളാകാം സ്വദേശി ബാബു ആണ് രണ്ടാമത്തെയാള്‍. ഇദ്ദേഹത്തിന് 52 വയസ്സായിരുന്നു. കാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കേയാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്.
തിരുവനന്തപുരം പുല്ലുവിള ട്രീസ വര്‍ഗീസും കൊവിഡ് ബാധിച്ചാണ് മരിച്ചത്. 60 വയസ്സായിരുന്നു. കിടപ്പുരോഗിയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുംമുമ്പേയാണ് മരണം സംഭവിച്ചത്.
നേരത്തെ പാറശ്ശാല സ്വദേശിനി തങ്കമ്മയുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 82 വയസ്സായിരുന്നു. ചങ്ങനാശ്ശേരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തങ്കമ്മ തിങ്കളാഴ്ചയാണ് മരിച്ചത്.മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
മകളോടൊപ്പം തിരുവല്ലയിലായിരുന്നു തങ്കമ്മ താമസിച്ചിരുന്നത്. മലപ്പുറത്ത് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചോക്കാട് സ്വദേശി ഇര്‍ഷാദലി(29)യാണ് മരിച്ചത്. വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍.