കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 36,680 രൂപയാണ് ഇന്നത്തെ വില. പവന് 280 രൂപയാണ് ഒറ്റ ദിവസം വര്‍ധിച്ചത്. ഈ മാസം ഒമ്പതിന് രേഖപ്പെടുത്തിയ 36,600 എന്ന റെക്കോര്‍ഡ് ഭേദിച്ചാണ് സ്വര്‍ണ വില ഇന്ന് ഉയര്‍ന്നത്. അതേസമയം, ഗ്രാമിന്റെ വില 35 രൂപ വര്‍ധിച്ച് 4,585 ആയി.
ആഗോളതലത്തില്‍ സമ്പദ്ഘടന ദുര്‍ബലമായതാണ് തുടര്‍ച്ചയായി വില ഉയരാന്‍ കാരണം. കൊവിഡും ലോക്ക്ഡൗണും കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറി. ആഗോള വിപണികളില്‍ സ്വര്‍ണവില എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. രൂപയുടെ മൂല്യമിടിവ് കൂടിയായതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും ഭേദിക്കുകയാണ്.