ആലപ്പുഴ:ഡബ്ല്യുസിസിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ നായിക നടിയ്‌ക്കെതിരെ സംവിധായകന്‍ ആലപ്പി അഷ്‌റഫ്. സ്വന്തം അനുഭവങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറാകാതെ ഈ നടി പാവങ്ങളെ മുന്നില്‍ കൊണ്ടിടുകയാണെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. സ്ഥാപക അംഗങ്ങളില്‍ ഒരാള്‍ ഹേമ കമ്മിറ്റിയ്ക്ക് നല്‍കിയ മൊഴിയെക്കുറിച്ചും അഷ്‌റഫ് സംസാരിക്കുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
”ഒരുപാട് യാതനകളും എതിര്‍പ്പുകളും നേരിട്ടു കൊണ്ടാണ് ഒരുപറ്റം നടിമാര്‍ ഡബ്ല്യുസിസി എന്ന സംഘടന രൂപപ്പെടുത്തിയെടുത്തത്. അവര്‍ക്ക് അന്നും ഇന്നും പൊതു സമൂഹത്തിന്റെ പിന്തുണയുണ്ട്. മലയാള സിനിമയില്‍ പീഡനവും വേദനയും അനുഭവിച്ചിട്ടുള്ള നടിമാരെ കണ്ടെത്തി, അവരെ ഹേമ കമ്മിറ്റിയ്ക്ക് മുന്നില്‍ കൊണ്ടു വന്ന് അവര്‍ക്ക് നീതി വാങ്ങി കൊടുക്കാനും അവരുടെ കണ്ണീരൊപ്പാനും മുന്നില്‍ നിന്ന സംഘടനയാണ് ഡബ്ല്യുസിസി. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.” ആലപ്പി അഷ്‌റഫ് പറയുന്നു.
ഡബ്ല്യുസിസിയുടെ സ്ഥാപക നേതാക്കളില്‍ മുന്‍നിരയില്‍ നിന്ന ഒരു നടി മൊഴി കൊടുത്തത് ഇങ്ങനൊരു സംഭവം കേട്ടു കേള്‍വി പോലുമില്ല എന്നാണ്. അങ്ങനെ പറയുമ്പോള്‍ നടിയെ ആക്രമിച്ച കേസ് പോലും അവര്‍ അറിഞ്ഞിട്ടില്ല എന്ന ധ്വാനി വരുന്നുണ്ട്. അവര്‍ അങ്ങനെ ഡബ്ല്യുസിസിയ്ക്ക് പണിയും കൊടുത്ത് സ്‌കൂട്ട് ആയി. തനിക്ക് നേരെ വരുന്നത് മാത്രം നോക്കിയാല്‍ മതി. മറ്റുള്ളവര്‍ക്ക് വരുന്നതൊന്നും തന്നെ ബാധിക്കുകയില്ല എന്ന നിലപാട് എടുത്ത് അവര്‍ ഒഴിവായി. അവര്‍ക്ക് പൊതു സമൂഹത്തോട് യാതൊരു ബാധ്യതയുമില്ലെന്ന് വേണം കരുതാന്‍ എന്നാണ് അദ്ദേഹം പറയുന്നത്.
മലയാള സിനിമയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും വ്യക്തമായി അറിയുന്ന ഈ നടിയുടെ കാലുമാറ്റം എല്ലാവരേയും അമ്പരപ്പിക്കുന്നതായിരുന്നു. എന്തിന് ഹേമ കമ്മിറ്റി പോലും അവരുടെ മൊഴി വിശ്വസിക്കരുതെന്നാണ് എഴുതിയിട്ടുള്ളതെന്നാണ് പറയുന്നത്. അവര്‍ ഡബ്ല്യുസിസിയില്‍ നിന്നും പോയെന്ന് കരുതി ഡബ്ല്യുസിസിയ്ക്ക് ഒരു ചുക്കം സംഭവിക്കാന്‍ പോകുന്നില്ല. അവര്‍ മറ്റൊരു സംഘടനയില്‍ ഉണ്ടെന്ന് കരുതി ആ സംഘടനയ്ക്ക് ഒരു നേട്ടവുമുണ്ടാകില്ലെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.
ചില സ്ഥാപക നടിമാര്‍ അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ ഹേമ കമ്മിറ്റിയോട് പറഞ്ഞിട്ടില്ല എന്നതും സത്യമാണെന്നും അദ്ദേഹം പറയുന്നു. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കേണ്ടവരാണ്. എനിക്ക് അറിയാവുന്ന കാര്യം വിവരിക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്. ഡബ്ല്യുസിസിയിലെ ഒരു സ്ഥാപക നടി ഷൂട്ടിംഗ് സംബന്ധമായി ആലപ്പുഴയിലെത്തി. അവിടുത്തെ ഹോട്ടലിലാണ് താമസം. അവിടെ അവരുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് കുട്ടനാട്ടുകാരനായ റൂം ബോയ് ആയിരുന്നു. അവനോട് അവര്‍ അനുകമ്പയോടെയും സഹോദര സ്‌നേഹത്തോടെയുമായിരുന്നു പെരുമാറിയിരുന്നതെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.
ഒരു ദിവസം രാത്രി, നടി ഒറ്റയ്ക്കുണ്ടായിരുന്ന സമയം. അപ്പോള്‍ റൂം ബോയ് വന്ന് സ്‌പെയര്‍ കീ ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്തു കയറി. കട്ടിലില്‍ കയറി ഇരുന്നു. കുറച്ചുനേരം അവിടെയിരുന്ന് അവര്‍ ഉറങ്ങുന്നത് കണ്ട് ആസ്വദിച്ചു. ശേഷം അവരെ തൊട്ടു. ഉടനെ നടി ചാടിയെഴുന്നേറ്റ്, നോക്കുമ്പോള്‍ കാണുന്നത് ഇവന്റെ മുഖം. അവന്‍ ഇറങ്ങിയോടി. അവര്‍ പിന്നാലെ ഓടി. ആകെ ബഹളമായി. പൊലീസ് വന്ന് അവനെ കൊണ്ടു പോയി. എന്നാല്‍ ആ നടി തനിക്കുണ്ടാകുന്ന നാണക്കേട് ഭയന്ന് കേസ് പിന്‍വലിക്കാന്‍ പറഞ്ഞു. ആ സംഭവം രഹസ്യമാക്കി വെക്കാന്‍ അവര്‍ എല്ലാവരോടും പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്.
ഈ വിവരം അവര്‍ ഹേമ കമ്മിറ്റിയിലും ഡബ്ല്യുസിസിയും ആരോടും പറഞ്ഞിട്ടില്ല. ഒരിക്കല്‍ മാധ്യമങ്ങള്‍ ഇതുപോലെ എന്തെങ്കിലും അനുഭവമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ജീവിതത്തില്‍ അങ്ങനൊന്നും ഉണ്ടായിട്ടില്ലെന്നാണ് പറഞ്ഞത്. അവര്‍ പറഞ്ഞത് പച്ചക്കള്ളം ആണ്. റൂം ബോയ്ക്ക് പകരം കൂടെ അഭിനയിക്കുന്ന ഒരാള്‍ ആയിരുന്നുവെങ്കില്‍ അവരത് മറച്ചുവെക്കുമായിരുന്നോ? എന്തൊക്കെ പുകിലാകുമായിരുന്നേനെ എന്നും ആലപ്പി അഷ്‌റഫ് പറയുന്നുണ്ട്.