തിരുവനന്തപുരം: നെടുമങ്ങാട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന 20.38 കിലോ ഗ്രാം കഞ്ചാവുമായി യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആര്യനാട് സ്വദേശിനിയായ ഭുവനേശ്വരിയാണ് കഞ്ചാവുമായി പിടിയിലായത്. ഇവരുടെ ഭർത്താവ് മനോജാണ് കേസിലെ രണ്ടാം പ്രതി. ഇയാൾ ഓടി രക്ഷപ്പെട്ടു. മൂന്ന് ചാക്കുകളിലായാണ് വാടക വീട്ടിൽ ഇത്രയും കഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നത്. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ജി അരവിന്ദിന്റെ നേതൃത്വത്തിലാണ് സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ പി ആർ രഞ്ജിത്ത്, വി അനിൽ കുമാർ, പ്രിവന്റീവ് ഓഫീസർ എസ് ബിജു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ പി സജി, എസ് നജിമുദ്ദീൻ, പ്രശാന്ത് ആർ എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി രജിത, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് കുമാർ, മിലാദ്, ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സി എസ് ശ്രീജിത്ത് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
അതേസമയം, തിരുവനന്തപുരം തന്നെ പ്രാവച്ചമ്പലത്ത് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 8.14 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവുമായി വന്ന നേമം സ്വദേശി റെജിൻ റഹീമിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുനിൽ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ, മനുലാൽ, മുഹമ്മദ് അനീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ജീന, ശ്രീജ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.