26.2 C
Kottayam
Friday, October 25, 2024

ബൈക്കിൽ കയറ്റി കൊണ്ടുപോയി ബംഗാൾ സ്വദേശിയുടെ ഉടുതുണിയടക്കം മോഷ്ടിച്ചയാൾ പിടിയിൽ

Must read

ഹരിപ്പാട്: പുല്ലുചെത്താനെന്ന പേരില്‍ വിളിച്ചുകൊണ്ടുപോയ പശ്ചിമബംഗാള്‍ സ്വദേശിയുടെ ഉടുതുണിയും 20,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും 5,000 രൂപയും അപഹരിച്ചുകടന്നയാള്‍ പിടിയില്‍. അമ്പലപ്പുഴ പുറക്കാട് വൈപ്പിന്‍പാടത്തില്‍ കൈതവളപ്പില്‍ അന്‍വര്‍ (35) ആണ് വീയപുരം പോലീസിന്റെ പിടിയിലായത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മണിക്കൂറുകള്‍ക്കകം വീടിനടുത്തുനിന്ന് ഇയാളെ പിടിച്ച പോലീസ് പശ്ചിമബംഗാള്‍ സ്വദേശിയുടെ പാന്റും ഷര്‍ട്ടും മൊബൈല്‍ ഫോണും പണവും വീണ്ടെടുത്തു. ഡാണാപ്പടിയില്‍ വാടകയ്ക്കു താമസിച്ച് പലവിധ ജോലികള്‍ ചെയ്തുവരുന്ന പശ്ചിമബംഗാളിലെ മാള്‍ഡാ സ്വദേശി അബു കലാമാണ് (27) തട്ടിപ്പിനിരയായത്.

വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ അബു കലാം ഹരിപ്പാട് കച്ചേരി ജങ്ഷനിലെ എ.ടി.എമ്മില്‍നിന്ന് 5,000 രൂപയെടുത്ത് പുറത്തിറങ്ങി. ഈ സമയം സ്‌കൂട്ടറില്‍ പുറത്തുനിന്നിരുന്ന അന്‍വര്‍ തന്റെ പാടത്ത് പുല്ലുചെത്താന്‍ രണ്ടുമണിക്കൂറിന്റെ ജോലിയുണ്ടെന്നും ഒപ്പംവരാനും പറഞ്ഞു. ഇതു വിശ്വസിച്ച അബു കലാം സ്‌കൂട്ടറില്‍ കയറി. വീയപുരം മങ്കോട്ടച്ചിറ ഭാഗത്തെത്തിയപ്പോള്‍ വണ്ടിനിര്‍ത്തി. സമീപത്തെ പാടത്തെ പുല്ലുചെത്താന്‍ പറഞ്ഞു.

അബു കലാം ധരിച്ചിരുന്ന നല്ലവസ്ത്രങ്ങള്‍ മാറ്റി ധരിക്കാന്‍ പഴകിയ വസ്ത്രങ്ങള്‍ നല്‍കിയിട്ട് കൈവശമുള്ള സാധനങ്ങള്‍ സ്‌കൂട്ടറില്‍ സൂക്ഷിക്കാനും ആവശ്യപ്പെട്ടു. അബു കലാം ജോലി തുടങ്ങിയപ്പോഴേക്കും അന്‍വര്‍ സ്ഥലംവിട്ടു. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ആകെ തകര്‍ന്നുപോയ അബു നാട്ടുകാരോട് വിവരം പറഞ്ഞു. അവരാണ് പോലീസില്‍ അറിയിച്ചത്.

പോലീസെത്തി വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇരുവരും സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചു. സ്‌കൂട്ടറിന്റെ ആര്‍.സി. ഉടമ അമ്പലപ്പുഴ സ്വദേശിനിയായ യുവതിയാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഭര്‍ത്താവിന്റെ സുഹൃത്തായ അന്‍വറാണ് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതെന്ന് മനസ്സിലായത്. മോഷണത്തിനുശേഷം വീട്ടിലെത്തിയിട്ട് പുറത്തേക്കിറങ്ങുന്നതിനിടെ പ്രതിയെ പിടികൂടുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ വാഴക്കാല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒക്ടോബര്‍ ഏഴിന് പ്രതി സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. അവിടെയും ഇതരസംസ്ഥാന തൊഴിലാളിയുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ തട്ടിയെടുത്തു. ഈ കേസില്‍ പോലീസ് അന്വേഷണം നടത്തിവരുകയാണ്. ഗള്‍ഫിലായിരുന്ന അന്‍വര്‍ അഞ്ചുമാസം മുന്‍പാണ് നാട്ടിലെത്തിയത്. കോഴിക്കോട്ടുനിന്ന് 22,000 രൂപയ്ക്കു വാങ്ങിയ പഴയ സ്‌കൂട്ടറില്‍ കറങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്.

സ്‌കൂട്ടര്‍ അന്‍വര്‍ വാങ്ങിയതാണെങ്കിലും സുഹൃത്തിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പോലീസ് പറയുന്നു. തനിക്ക് ആധാര്‍ കാര്‍ഡില്ലാത്തതിനാലാണിതെന്നും പ്രതി മൊഴിനല്‍കി. എസ്.എച്ച്.ഒ. ഷെഫീക്കിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ. കെ. രാജീവ്, സിവില്‍പോലീസ് ഓഫീസര്‍മാരായ പ്രതാപ് മേനോന്‍, അനീഷ് അനിരുദ്ധന്‍, വിപിന്‍ വിക്രമന്‍, രഞ്ജിത്ത്, സുനില്‍, ദീപക് ഹരികുമാര്‍, ഷുക്കൂര്‍, സുനില്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ത്യയിൽ എ ഐ കമ്പ്യൂട്ടിംഗിനായി ആഗോള സംരംഭം; റിലയൻസും എൻവിഡിയയും കൈകോർക്കും

ഇന്ത്യയിൽ എ ഐ കമ്പ്യൂട്ടിംഗിനായി ആഗോള സംരംഭം. റിലയൻസും എൻവിഡിയ കോർപ്പറേഷനും ഇതിനായി കൈ കോർക്കുന്നു. ഒരു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചറും ഇന്നൊവേഷൻ സെൻ്ററും നിർമ്മിക്കുന്നതിനാണ് ഇരു കമ്പനികളും ധാരണയായത്.റിലയൻസ് ഇൻഡസ്ട്രീസിൻ്റെ...

‘ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല; അവർ ഭീകരപ്രവർത്തനം അവസാനിപ്പിക്കണം: ഫാറൂഖ് അബ്ദുല്ല

ശ്രീനഗർ: ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്നും മേഖലയിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ അവർ അവസാനിപ്പിക്കണമെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. ‘‘30 വർഷമായി ഞാനിതിനു ദൃക്സാക്ഷിയാണ്. ഇതിനൊരു പരിഹാരം കാണാതെ ആക്രമണങ്ങൾ...

വാടക വീട്ടിൽ 3 ചാക്കുകളിലായി ഒളിപ്പിച്ചിരുന്നത് കഞ്ചാവ്; യുവതി അറസ്റ്റിൽ, ഭർത്താവ് ഓടിപ്പോയി

തിരുവനന്തപുരം: നെടുമങ്ങാട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന 20.38 കിലോ ഗ്രാം കഞ്ചാവുമായി യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആര്യനാട് സ്വദേശിനിയായ ഭുവനേശ്വരിയാണ് കഞ്ചാവുമായി പിടിയിലായത്. ഇവരുടെ ഭർത്താവ് മനോജാണ് കേസിലെ രണ്ടാം പ്രതി....

ഇസ്രയേൽ ഗാസയിൽ വെടിനിർത്തൽ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്

ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറാവുകയാണെങ്കില്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്. ഇസ്രയേല്‍ ചാര മേധാവിയുമായി നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ അവതരിപ്പിക്കുകയാണെങ്കില്‍ പോരാട്ടം അവസാനിപ്പിക്കാമെന്ന് ഹമാസ് വ്യക്തമാക്കിയത്.ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പിന്മാറാതെ ബന്ദികളെ...

നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം; മേൽനോട്ടം കണ്ണൂർ റേഞ്ച് ഡിഐജിക്ക്

തിരുവനന്തപുരം: കണ്ണൂ‍ർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘം. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി മേൽനോട്ടം വഹിക്കും. ആറ്...

Popular this week