23.5 C
Kottayam
Friday, September 20, 2024

ആർഎസ്എസുമായി ചർച്ചനടത്തുന്ന എഡിജിപി ഇടതുപക്ഷത്തിനും ഭരണത്തിനും കളങ്കം, മാറ്റിനിർത്തണം- സിപിഐ

Must read

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരേ രൂക്ഷവിമർശനവുമായി സി.പി.ഐ. ഒരു ഫാസിസ്റ്റ് സംഘടനയുടെ ഭാരവാഹികളുമായി രഹസ്യ ചർച്ചകൾ നടത്തുന്ന പൊലീസ് മേധാവി ഇടതുപക്ഷ രാഷ്ട്രീയ ധാരണകൾക്കും ഭരണസംവിധാനത്തിനും കളങ്കമാണെന്നും എ.ഡി.ജി.പിയെ മാറ്റിനിർത്തണമെന്നും സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ്‌ അംഗം അഡ്വ.കെ.പ്രകാശ്ബാബു ആവശ്യപ്പെട്ടു.

സിപിഐ മുഖപത്രമായ ജനയു​ഗത്തിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. ജനഹിതം മാനിച്ചുകൊണ്ട്, സാങ്കേതികത്വം മറികടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർക്കാരിനുണ്ടാകണമെന്നും പ്രകാശ് ബാബു വ്യക്തമാക്കി.

ലേഖനത്തിലെ പ്രസക്ത ഭാ​ഗങ്ങൾ ഇന്ത്യയിൽ ഫാസിസം പ്രത്യക്ഷപ്പെടുന്നത് ഭൂരിപക്ഷ വർഗീയതയുടെ രൂപത്തിലാണെന്നുള്ളതിൽ ദേശീയ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് ഒരു സംശയവുമില്ല. അങ്ങനെയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും മുന്നണി നയിക്കുന്ന സർക്കാരിന്റെയും നയങ്ങളിൽനിന്ന് ഭരണസംവിധാനത്തിലെ ഒരാളും വ്യതിചലിക്കാൻ പാടില്ല. അഥവാ ആ നയം ലംഘിച്ചുകൊണ്ട് സംസ്ഥാന കേഡറിലുള്ള ഒരുദ്യോഗസ്ഥൻ പ്രവർത്തിച്ചാൽ അയാളെ സർക്കാരിൻ്റെ നയസമീപനങ്ങൾ പ്രതിഫലിക്കുന്ന തസ്തികകളിൽ നിന്നും മാറ്റിനിർത്താൻ കഴിയണം.

ജനഹിതമാണ് സർക്കാരിൻ്റെ പ്രഖ്യാപിത നയങ്ങൾക്ക് പിന്നിലെ ചാലകശക്തിയെന്നു തിരിച്ചറിയാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ജനങ്ങളുമായി നിരന്തര ബന്ധം താരതമ്യേന കുറവുള്ള ചുമതലകളിലേക്കു മാറ്റാവുന്നതാണ്. ഒരു ജനകീയ സർക്കാരിന്റെ ജനപക്ഷ നിലപാട് ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥൻ സർക്കാരിനെ പലപ്പോഴും പ്രതിസന്ധിയിൽ കൊണ്ടുചെന്നെത്തിക്കും. അത്തരമൊരവസ്ഥയാണ് കേരളത്തിൻ്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള സന്ദർശനം വരുത്തിവെച്ചിരിക്കുന്നത്.

വർഗീയ സംഘർഷങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകാതിരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വർഗീയ സംഘടനാ നേതാക്കളുമായി ചർച്ച നടത്താറുണ്ട്. പക്ഷെ, ആർഎസ്എസ് എന്ന ഹൈന്ദവ തീവ്രവാദ സംഘടനയുടെ രണ്ടു ദേശീയ നേതാക്കളെ തികച്ചും മെച്ചപ്പെട്ട ക്രമസമാധാനം നിലനിൽക്കുന്ന കേരളത്തിൽ പ്രത്യേകിച്ച് വർഗീയ സംഘർഷങ്ങളൊന്നും ഇല്ലാത്ത ഒരു സന്ദർഭത്തിൽ സംസ്ഥാനത്തെ ഉന്നത പൊലീസുദ്യോഗസ്ഥൻ എന്തിനാണ് രഹസ്യമായി സന്ദർശിച്ചത് എന്നറിയാൻ ഏവർക്കും താല്പര്യമുണ്ട്.

ഔദ്യോഗികമോ വ്യക്തിപരമോ ആയ എന്താവശ്യത്തിനാണ് അവരെ താൻ സന്ദർശിച്ചതെന്ന് പറയാനുള്ള ബാധ്യത ആ ഉദ്യോഗസ്ഥനുണ്ട്. കുറഞ്ഞപക്ഷം പൊലീസ് മേധാവിയെയോ ആഭ്യന്തര വകുപ്പിനെയോ രേഖാമൂലമെങ്കിലും അറിയിക്കേണ്ടതാണ്. അതിന് ഉദ്യോഗസ്ഥൻ തയ്യാറാകുന്നില്ലെങ്കിൽ നിലവിലെ ചുമതലയിൽ നിന്നും മാറ്റിനിർത്തണം.

ജനഹിതം മാനിച്ചുകൊണ്ട്, സാങ്കേതികത്വം മറികടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർക്കാരിനുണ്ടാകണം. ഇന്ത്യയിലെ ഭൂരിപക്ഷ തീവ്രവർഗീയതയെ താലോലിക്കുകയും ഇന്ത്യൻ ഭരണഘടനയിലെ മതേതരത്വം, ഫെഡറലിസം, ന്യൂനപക്ഷ സംരക്ഷണം തുടങ്ങിയ മൂല്യങ്ങളെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ഫാസിസ്റ്റ് സംഘടനയുടെ ഭാരവാഹികളുമായി രഹസ്യചർച്ചകൾ നടത്തുന്ന പൊലീസ് മേധാവി ഇടതുപക്ഷ രാഷ്ട്രീയ ധാരണകൾക്കും ഭരണസംവിധാനത്തിനും കളങ്കമാണ്.

ഈ സന്ദർശനങ്ങളെ തൃശൂർപൂരവുമായി ബന്ധപ്പെടുത്തേണ്ട ഒരാവശ്യവുമില്ല. രാഷ്ട്രീയ നയവ്യതിയാനം ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ടിൽക്കൂടി കണ്ടുപിടിക്കേണ്ട ഒന്നല്ല. രാഷ്ട്രീയ ബോധ്യമാണിവിടെ ആവശ്യം. വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന ആപ്തവാക്യം ജുഡീഷ്യറിക്കു മാത്രമല്ല സർക്കാരിനും മുന്നണിക്കും ബാധകമാണ്. ഇടതുപക്ഷ രാഷ്ട്രീയ നയസമീപനങ്ങൾ ജനങ്ങളിൽ സംശയങ്ങൾ ജനിപ്പിക്കുന്നതാകരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week