34 കാരിയ്ക്ക് വരൻ 74 കാരൻ,ലക്ഷ്യം പണമല്ലേയെന്ന് വിമർശനം, പ്രായം വെറും അക്കം അല്ലേയെന്ന് യുവതി
ചിക്കാഗോ:ദമ്പതികൾക്കിടയിലെ പ്രായവ്യത്യാസം ദിവസം കഴിയുന്തോറും ഒരു പ്രശ്നമല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് പേരുടെ പ്രണയം പ്രായത്തെ തോല്പിച്ചുകൊണ്ട് പടർന്നു പന്തലിച്ചിട്ടുണ്ട്. അതിൽ പെടുന്നവരാണ് ചിക്കാഗോയിൽ നിന്നുള്ള 34 -കാരിയായ ലെസ്‍ലിയും അവളുടെ 74 -കാരനായ ഭർത്താവ് വിൻസും.
40 വയസിന്റെ പ്രായവ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. ഇതിന്റെ പേരിൽ പരിഹാസങ്ങളും വിമർശനങ്ങളും ഒക്കെ കേൾക്കേണ്ടി വരാറുണ്ടെങ്കിലും അതൊന്നും തന്നെ അവരുടെ സ്നേഹത്തിന് ഒരു തടസമായിട്ടില്ല എന്നാണ് ഇരുവരും പറയുന്നത്. എട്ട് വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്. അഞ്ച് വർഷമായി ഇരുവരും വിവാഹിതരുമാണ്.
യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ലെസ്‍ലിയും വിൻസും ആദ്യമായി ചിക്കാഗോയിലെ ഗിബ്‌സണിൽ എങ്ങനെ കണ്ടുമുട്ടിയെന്ന് വിവരിക്കുന്നുണ്ട്. വിൻസ് പാടുകയും ലെസ്‍ലി പിയാനോ വായിക്കുകയും ചെയ്തപ്പോഴാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. സംഗീതത്തോടുള്ള ഇഷ്ടമാണ് രണ്ടുപേരും തമ്മിൽ അടുക്കാനുള്ള കാരണമായിത്തീർന്നത്. ആദ്യമായി കണ്ടുമുട്ടി ഒരു വർഷം കഴിഞ്ഞപ്പോഴാണ് വിൻസ് ലെസ്‍ലിയോട് വിവാഹാഭ്യർത്ഥന നടത്തുന്നത്. പ്രായവ്യത്യാസം ഇത്രയേറെ ഉണ്ടായിരുന്നിട്ടും വൈകാരികമായ അടുപ്പം അവരെ ഒന്നിപ്പിച്ചു. തന്റെ ആത്മസുഹൃത്ത് എന്നാണ് ലെസ്‍ലി വിൻസിനെ വിശേഷിപ്പിക്കുന്നത്.
ആദ്യമൊക്കെ ആളുകൾ തന്നെ വിമർശിക്കുന്നത് തന്നിൽ വലിയ വേദനയുണ്ടാക്കിയിരുന്നു. പണത്തിന് വേണ്ടിയാണ് താൻ വിൻസിനെ വിവാഹം കഴിച്ചത് എന്നായിരുന്നു ആരോപണം. എന്നാൽ, പിന്നീട് താനത് ഗൗനിക്കാതെയായി എന്ന് ലെസ്‍ലി പറയുന്നു.
കണ്ടുമുട്ടിയപ്പോൾ തന്നെ, തനിക്ക് എത്ര വയസായി എന്ന് അറിയാമോ എന്ന് വിൻസ് തന്നോട് ചോദിച്ചിരുന്നു. എന്നാൽ, പ്രായം വെറും നമ്പർ മാത്രമല്ലേ എന്നായിരുന്നു തന്റെ മറുപടി എന്നാണ് ലെസ്‍ലി പറയുന്നത്. അതുപോലെ, വിൻസിന്റെ മക്കളും ലെസ്‍ലിയുടെ അമ്മയുമടക്കം ഈ ബന്ധത്തിൽ താല്പര്യക്കുറവ് പ്രകടിപ്പിച്ചിരുന്നു, എന്നാൽ ഇപ്പോൾ എല്ലാവർക്കും തങ്ങളുടെ ബന്ധത്തിന്റെ ആഴം മനസിലായി എന്നാണ് ഇവർ പറയുന്നത്.