ചെറുപ്പത്തിൽ ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ചു; 27 വർഷത്തിന് ശേഷം ക്ഷമാപണ കത്തടക്കം പണം തിരികെ നൽകി യുവാവ്
ഗ്യോങ്‌സാങ്: ദക്ഷിണ കൊറിയയിലെ ഒരു ക്ഷേത്രത്തിലെ ജീവനക്കാർക്ക് അടുത്തിടെ ക്ഷേത്രത്തിലെ ഭണ്ഡാര പെട്ടിയിൽ നിന്ന് ഒരു അജ്ഞാത കത്ത് ലഭിച്ചു. ആ കത്തിൽ ഉണ്ടായിരുന്നത് 27 വർഷം മുൻപ് നടത്തിയ ഒരു മോഷണത്തിന്‍റെ ക്ഷമാപണമായിരുന്നു. തീർന്നില്ല കത്തിനോടൊപ്പം 2 മില്യൺ വോൺ (യുഎസ് $ 1,500) അതായത് ഒന്നേകാൽ ലക്ഷം ഇന്ത്യൻ രൂപയും സംഭാവന പെട്ടിയിൽ നിക്ഷേപിച്ചിരുന്നു. കുട്ടിയായിരിക്കെ ക്ഷേത്രത്തിലെ സംഭാവന പെട്ടിയിൽ നിന്ന് മോഷണം നടത്തിയ ഒരു വ്യക്തിയായിരുന്നു പതിറ്റാണ്ടുകൾക്ക് ശേഷം ഇത്തരത്തിൽ ഒരു പ്രായശ്ചിത്തം ചെയ്തത്.
കത്തിൽ താൻ നടത്തിയ മോഷണത്തെക്കുറിച്ച് ആ അജ്ഞാതൻ വിശദമായി രേഖപ്പെടുത്തിയിരുന്നു. 1997 -ൽ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഗ്യോങ്‌സാങ് പ്രവിശ്യയിലെ ടോങ്‌ഡോ ക്ഷേത്രത്തിലെ ജജാംഗം ഹെർമിറ്റേജിൽ നിന്ന് താൻ 30,000 വോൺ (യുഎസ് $ 23) മോഷ്ടിച്ചു എന്നാണ് കത്തിൽ പറയുന്നത്. ദിവസങ്ങൾക്ക് ശേഷം താൻ വീണ്ടും മോഷ്ടിക്കാൻ ശ്രമിച്ചതായും എന്നാൽ ഒരു സന്യാസി തന്നെ പിടികൂടിയതായും കത്തിൽ അജ്ഞാതൻ വിശദമാക്കുന്നു.
പക്ഷേ, ആ സന്യാസി തന്നെ പോലീസിന് കൈമാറുകയോ ആൾക്കൂട്ട വിചാരണയ്ക്ക് വിട്ടു നൽകുകയോ ചെയ്തില്ല. മറിച്ച് അദ്ദേഹം തന്നെ ആശ്വസിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചെന്നും കത്തിൽ വിശദീകരിക്കുന്നു. തന്‍റെ കാഴ്ചപാടുകളെയും ജീവിതത്തെ തന്നെയും മാറ്റിമറിച്ച നിർണായക നിമിഷമായിരുന്നു അതെന്നും അതിന് ശേഷം തന്‍റെതല്ലാത്തതൊന്നും ആഗ്രഹിച്ചിട്ടില്ലെന്നും കത്തിൽ കുറിച്ചിട്ടുണ്ട്.
തന്‍റെ നിലവിലെ ജോലിയോ പേരോ അദ്ദേഹം കത്തിൽ പറഞ്ഞിട്ടില്ലെങ്കിലും ഇന്ന് കഠിനമായി അധ്വാനിച്ച് നല്ല നിലയിലാണ് താൻ ജീവിക്കുന്നതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. ഞാനിപ്പോൾ ഒരു അച്ഛനാകാനുള്ള കാത്തിരിപ്പിലാണെന്നും തന്‍റെ കുഞ്ഞിന് എന്നൊന്നും അഭിമാനിക്കാവുന്ന ഒരു പിതാവാകാൻ താന്‍ ആഗ്രഹിക്കുന്നതിനാലാണ് ഇത്തരത്തിൽ ഒരു ക്ഷമാപണം നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഓഗസ്റ്റ് 20 നാണ് ക്ഷേത്രത്തിലെ ജീവനക്കാരനാണ് കത്തും സംഭാവനയും കണ്ടെത്തിയതെന്ന് കൊറിയൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോഴും ക്ഷേത്രത്തിലെ അന്തേവാസിയായ വെനറബിൾ ഹ്യോൻമുൻ എന്നറിയപ്പെടുന്ന ഒരു സന്യാസി വർഷങ്ങൾക്ക് മുമ്പ് അത്തരത്തിലൊരു ബാലനെ താൻ കണ്ടിരുന്നതായി വ്യക്തമാക്കിയതായും കൊറിയൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.