കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഉൾപ്പെടെ അടയാളപ്പെടുത്തുന്ന ജസ്‌റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് വൈകും. ഇന്ന് റിപ്പോർട്ട് പുറത്തുവിടില്ലെന്ന് സർക്കാർ അറിയിച്ചതോടെയാണിത്. വിഷയവുമായി ബന്ധപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നടപടി. രഞ്ജിനിയുടെ ഹർജി തിങ്കളാഴ്‌ച പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്. അതിന് ശേഷമാവും സർക്കാർ തീരുമാനം.
സംസ്ഥാന സർക്കാരിന് വേണ്ടി സാംസ്‌കാരിക വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമ പ്രവർത്തകർക്കാണ് ഈ അറിയിപ്പ് ലഭിച്ചത്. നേരത്തെ ഇന്ന് പതിനൊന്ന് മണിയോടെ റിപ്പോർട്ട് കൈമാറുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ രഞ്ജിനി ഹർജി നൽകിയതോടെ സർക്കാർ തീരുമാനം നീട്ടുകയായിരുന്നു.
റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് നടി രഞ്ജിനി ഹൈക്കോടതിയിൽ ഹർജി നൽകിയത്. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി തന്നെ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ഇന്ന് റിപ്പോർട്ട് പുറത്തുവിടേണ്ടെന്ന തീരുമാനം സർക്കാർ സ്വീകരിച്ചത്. എങ്കിലും തീരുമാനം അധികം നീട്ടികൊണ്ട് പോവാൻ സർക്കാരിന് കഴിയില്ല.
ജസ്‌റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ താനടക്കമുള്ളവര്‍ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നുമാണ് നടി രഞ്ജിനി വ്യക്തമാക്കുന്നത്. മൊഴി നൽകിയപ്പോൾ തങ്ങളുടെ സ്വകാര്യത മാനിക്കുമെന്ന് ജസ്‌റ്റിസ് ഹേമ ഉറപ്പു നൽകിയിരുന്നുവെന്നും രഞ്ജിനി പറയുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം തേടുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു.
നേരത്തെ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയ കോടതി റിപ്പോർട്ട് പുറത്തിവിടാൻ സർക്കാരിന് ആഗസ്‌റ്റ് 19 വരെ സമയം അനുവദിക്കുകയായിരുന്നു. എന്തായാലും ഇനി അന്തിമ തീരുമാനം രഞ്ജിനിയുടെ ഹർജിക്ക് ശേഷമാവും പരിഗണിക്കുക. പ്രത്യേകിച്ച് റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ശക്തമായി ഉയരുന്ന സാഹചര്യത്തിൽ.
അതിനിടെ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോർട്ട് കൈമാറാനാണ് സർക്കാർ നീക്കമെന്നാണ് സൂചന. 49ആം പേജിലെ 96 ആം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും ഇതനുസരിച്ച് ഒഴിവാക്കും എന്നാണ് ലഭ്യമായ വിവരം. അതിന് പുറമെ കമ്മീഷൻ റിപ്പോർട്ടിന്റെ അനുബന്ധവും പുറത്തുവിട്ടേക്കില്ല.