ചങ്ങനാശ്ശേരി: തെങ്ങണാ ഗുഡ്‌ഷെപ്പെര്‍ഡ് സ്‌കൂളിലെ കായികാധ്യാപികയും മുന്‍ ദേശീയ കായികതാരവുമായ മനു ജോണ്‍ (50) കുഴഞ്ഞുവീണ് മരിച്ചു. സ്‌കൂളില്‍ ഡിസിപ്ലിന്‍ ഡ്യൂട്ടി ചെയ്യവെയായിരുന്നു സംഭവം. നിരവധി ദേശീയ മത്സരങ്ങളിലെ സ്ഥിരം മെഡല്‍ ജേതാവായിരുന്നു. മധ്യ-ദീര്‍ഘദൂര മത്സരങ്ങളില്‍ കേരളത്തിനായി നിരവധി മെഡല്‍ നേടി. സ്‌കൂള്‍തലത്തില്‍ ചങ്ങനാശ്ശേരി സെയ്ന്റ് ജോസഫ് സ്‌കൂളിൽനിന്നും യൂണിവേഴ്‌സിറ്റി തലത്തില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍നിന്നുമാണ് മത്സരിച്ചിരുന്നത്.
എം.ജി. യൂണിവേഴ്‌സിറ്റി ക്രോസ് കണ്‍ട്രി ടീം ക്യാപ്റ്റനുമായിരുന്നു മനു ജോണ്‍. മുന്‍ യൂണിവേഴ്‌സിറ്റി കോച്ച് പരേതനായ പി.വി. വെല്‍സിയുടെ കീഴില്‍ എന്‍.എസ്.എസ്. കോളേജില്‍ മനുവിനൊപ്പം അഞ്ജു ബോബി ജോര്‍ജും അജിത് കുമാര്‍, ചാക്കോ, സിനി ഉള്‍പ്പെടെ നിരവധി താരങ്ങളും അന്ന് പരിശീലനത്തിന് ഉണ്ടായിരുന്നു.
അച്ഛന്‍: പരേതനായ പാറത്തറ തോമസ് മാത്യു (മോനിച്ചന്‍). അമ്മ: ചിന്നമ്മ തോമസ്. മക്കള്‍: മേഖ ജോണ്‍സണ്‍ (കാനഡ), മെല്‍ബിന്‍ (ജോണ്‍സണ്‍). മരുമകന്‍: രവി കൃഷ്ണ (കാനഡ). സഹോദരങ്ങള്‍ മനോജ് തോമസ് (ഇത്തിത്താനം), മാജു തോമസ് (പറാല്‍), മാര്‍ട്ടിന്‍ തോമസ് (സൗദി അറേബ്യ).
മൃതദേഹം ശനിയാഴ്ച രാവിലെ 09:30-ന് തെങ്ങണ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും. വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം സംസ്‌കാരം വൈകീട്ട് 03:30-ന് പറാല്‍ സെയ്ന്റ് അന്തോണീസ് പള്ളി സെമിത്തേരിയില്‍ നടക്കും.