മുംബൈ: ആഡംബര കാറിടിച്ച് മുംബൈയിൽ മത്സ്യവിൽപ്പനക്കാരി മരിച്ചു. വർളി സ്വദേശിനി കാവേരി നഖ്‌വയാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ വർളിയിലെ ഹൈവേയിലായിരുന്നു അപകടം. മഹാരാഷ്ട്ര പാൽഘർ ജില്ലയിലെ ശിവസേനാ ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷാ ഓടിച്ച കാർ ഇടിച്ചാണ് സ്കൂട്ടർ അപകടത്തിൽപ്പെട്ടത്.
കാറോടിച്ചിരുന്ന മിഹിർ ഷായുടെ പിതാവും പാൽഘർ ജില്ലയിലെ ശിവസേന ഷിൻഡെ വിഭാഗം ഉപനേതാവുമായ രാജേഷ് ഷായെ പൊലീസ് അറസ്റ്റു ചെയ്തു. അപകടത്തിനു കാരണമായ ആഡംബരക്കാർ ഇദ്ദേഹത്തിന്റെ പേരിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജേഷ് ഷായുടെ ഡ്രൈവർ രാജ ഋഷി ബിദാവത്തിനെയും കസ്റ്റഡിയിലെടുത്തു.
വർളി കോലിവാഡ സ്വദേശികളായ കാവേരിയും ഭർത്താവ് പ്രദിക് നഖ്‌വയുമാണ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നത്. മത്സ്യവിൽപ്പന തൊഴിലാളികളായ ഇരുവരും സസൂൺ ഡോക്കിൽനിന്നു തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. മിഹിർ ഷാ ഓടിച്ചിരുന്ന കാർ ഇവർ സഞ്ചിരിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാവേരിയും പ്രദ്വികും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരുക്കേറ്റ കാവേരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രദീപ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇടിച്ച കാർ നിർത്താതെ പോയി. ജുഹുവിലെ ബാറിൽനിന്ന് മിഹിർ ഷാ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇടയ്ക്കുവച്ച് ഡ്രൈവറോട് താൻ കാർ ഓടിച്ചുകൊള്ളാമെന്ന് അറിയിച്ചു. പിന്നാലെയാണ് അപകടമുണ്ടായത്. കേസിൽ തെളിവു നശിപ്പിക്കാനുള്ള ശ്രമം നടന്നതായി പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. അപകടശേഷം കാറിലുണ്ടായിരുന്ന ശിവസേനാ പാർട്ടിയുടെ സ്റ്റിക്കർ ഇളക്കിമാറ്റി. നമ്പർ പ്ലേറ്റ് മാറ്റാനുള്ള ശ്രമവുമുണ്ടായി. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, നിയമം എല്ലാവർക്കും ബാധകമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും ഉറപ്പുനൽകി.