യൂണിഫോമിടാത്തത് ചോദ്യം ചെയ്തു, അധ്യാപകനെ ക്ലാസ് മുറിയിൽ കുത്തിക്കൊന്നു; 16കാരൻ അറസ്റ്റിൽ

ഗുവാഹത്തി:അസമിലെ ശിവസാഗർ ജില്ലയിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപകനെ ക്ലാസ് മുറിയിൽ കുത്തിക്കൊന്ന കേസിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. യൂണിഫോമില്ലാതെ ക്ലാസിലെത്തിയതു ചോദ്യം ചെയ്തതിനാണ് അധ്യാപകനെ കത്തി കൊണ്ടു കുത്തിയത്. ഗുരുതരമായി പരുക്കേറ്റ കെമിസ്ട്രി അധ്യാപകൻ രാജേഷ് ബറുവ ബെജവാഡയെ (55) ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

തലേദിവസം ക്ലാസിലെ മോശം പ്രകടനം ചൂണ്ടിക്കാട്ടി അധ്യാപകൻ ഇതേ വിദ്യാർഥിയെ ശകാരിക്കുകയും മാതാപിതാക്കളെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ക്ലാസിൽ നിന്നും വിദ്യാർഥിയെ ഇറക്കിവിട്ടതായും സഹപാഠികൾ പറയുന്നു.

അടുത്ത ദിവസം രക്ഷിതാക്കളെ കൂട്ടാതെയും യൂണിഫോമില്ലാതെയും ക്ലാസിലെത്തിയ കുട്ടിയെ അധ്യാപകൻ എഴുന്നേൽപ്പിച്ചു നിർത്തി ശകാരിച്ചു. ഇതിനിടെയാണു വിദ്യാർഥി കത്തി കൊണ്ട് ആക്രമിച്ചത്. കസ്റ്റഡിയിലെടുത്ത വിദ്യാർഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News