കോഴിക്കോട്: സെക്ഷൻ ഓഫിസിൽ അതിക്രമിച്ചുകയറി അക്രമം നടത്തിയവരുടെ പേരിലുള്ള വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫിസിൽ അതിക്രമിച്ചുകയറി അസിസ്റ്റന്റ് എൻജിനിയറുൾപ്പെടെയുള്ള ജീവനക്കാരെ മർദിക്കുകയും ഓഫിസ് തകർക്കുകയും ചെയ്ത കേസിലെ പ്രതികളായ തിരുവമ്പാടി ഉള്ളാറ്റിൽ വീട്ടിൽ അജ്മൽ, കൂട്ടാളി ഷഹദാദ് എന്നിവരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനാണ് കെഎസ്ഇബി എംഡി ബിജു പ്രഭാകർ ഉത്തരവിട്ടത്. ഇവർ കെഎസ്ഇബിക്ക് മൂന്നുലക്ഷം രൂപയോളം നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് തന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത് ചോദ്യം ചെയ്യാനെത്തിയ അജ്മൽ കെഎസ്ഇബി ഓഫിസിലെത്തുകയും ലൈൻമാൻ പി. പ്രശാന്ത്, സഹായി എം.കെ. അനന്തു എന്നിവരെ കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
ഇതു സംബന്ധിച്ച് സെക്ഷൻ അസിസ്റ്റൻ്റ് എൻജിനിയർ പ്രശാന്ത് പി.എസ്. തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് അജ്മൽ കൂട്ടാളി ഷഹദാദുമൊത്ത് ശനിയാഴ്ച രാവിലെ സെക്ഷൻ ഓഫീസിലെത്തി അതിക്രമം കാട്ടിയത്.
രാവിലെ മീറ്റിങ് സമയത്ത് ഓഫിസിലേക്ക് അതിക്രമിച്ച് കയറിയ ഇരുവരും അസിസ്റ്റന്റ് എൻജിനിയറുടെ ദേഹത്ത് മലിനജലം ഒഴിക്കുകയും സ്ത്രീകളടക്കമുള്ള ജീവനക്കാരെ മർദിക്കുകയും ചെയ്തെന്ന് കെഎസ്ഇബി വാർത്താക്കുറിപ്പിൽ പറഞ്ഞു. പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്ന ഭീഷണി മുഴക്കിയ അക്രമികൾ കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഓഫിസ് ഉപകരണങ്ങൾ തകർത്തു. മർദനമേറ്റ അസിസ്റ്റന്റ് എൻജിനിയറും 4 ജീവനക്കാരും മുക്കം ആശുപത്രിയിൽ ചികിത്സയിലാണ്. അജ്മലിന്റെയും ഷഹദാദിന്റെയും പേരിൽ തിരുവമ്പാടി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.