പനാജി: നാലു വയസുകാരന്‍ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സുചന സേത്തിയെ, കുടുക്കിയതിനെ കുറിച്ച് വെളിപ്പെടുത്തി ടാക്‌സി ഡ്രൈവര്‍. നോര്‍ത്ത് ഗോവയിലെ അഞ്ജുനയിലെ ടാക്‌സി ഡ്രൈവറായ റോയ്‌ജോണ്‍ ഡിസൂസയുടെ ഇടപെടലാണ് കേസില്‍ നിര്‍ണായകമായത്.
ഡിസൂസയുടെ കാറിലാണ് കുഞ്ഞിന്റെ മൃതദേഹവുമായി ഗോവയില്‍ നിന്ന് സുചന ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഗോവൻ പൊലീസ് ഫോണിലൂടെ ബന്ധപ്പെട്ട് കൊലപാതകം സംബന്ധിച്ച രഹസ്യ വിവരം അറിയിച്ചതും ഡിസൂസയോടാണ്. തുടർന്ന് ഇയാൾ നടത്തിയ ഇടപെടലിന് പിന്നാലെയാണ് സുചനയെ പിടികൂടിയത്.
റോയ്‌ജോണ്‍ ഡിസൂസയുടെ വാക്കുകള്‍: ”ഏഴാം തീയതി രാത്രി 11 മണിയോടെയാണ് ഹോട്ടല്‍ സോള്‍ ബനിയന്‍ ഗ്രാന്‍ഡെയുടെ റിസപ്ഷനില്‍ നിന്ന് എനിക്ക് കോള്‍ ലഭിച്ചത്. സുചന സേത്ത് എന്ന യുവതിയെ അടിയന്തിരമായി ബംഗളൂരുവിലേക്ക് കൊണ്ട് പോകണം എന്നായിരുന്നു ആവശ്യം. 12.30ന് ഹോട്ടലില്‍ എത്തി. 30,000 രൂപ നിരക്കില്‍ ബംഗളൂരുവിലേക്ക് പോകാന്‍ ധാരണയായി. സുചന തനിച്ചാണ് യാത്ര ചെയ്യുന്നതെന്നും ചുവന്ന ട്രോളി ബാഗ് ബൂട്ടില്‍ ഇടാനും പറഞ്ഞു.
സ്യൂട്ട്‌കേസിന് നല്ല ഭാരമുണ്ടായിരുന്നു. പുലര്‍ച്ചെ 12.30ന് പുറപ്പെട്ട യാത്ര രണ്ട് മണിക്ക് ഗോവ-കര്‍ണാടക അതിര്‍ത്തിയിലെ ചോര്‍ള ഘട്ടിലെത്തി. അവിടെ, ഒരു ട്രക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഏകദേശം നാല് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ ഇവിടെ കുടുങ്ങിക്കിടക്കേണ്ടി വരുമെന്നും അത്യാവശ്യമാണെങ്കില്‍ വിമാനയാത്ര നോക്കാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. പക്ഷെ എത്ര സമയമെടുത്താലും റോഡ് മാര്‍ഗം പോകാമെന്ന് അവര്‍ നിര്‍ബന്ധിച്ചു.”
”തുടര്‍ന്നുള്ള യാത്രയില്‍ സുചന നിശബ്ദയായിരുന്നു. വെള്ളം കുടിക്കണോ എന്ന് മാത്രമായിരുന്നു അവര്‍ ചോദിച്ചത്. മണിക്കൂറുകളുടെ യാത്രയ്ക്ക് ശേഷം രാവിലെ 11 മണിക്ക് പൊലീസ് എന്റെ ഫോണില്‍ വിളിച്ചു. കാര്‍ യാത്രിക തനിച്ചാണോ കൂടെ ഒരു കുട്ടി ഉണ്ടായിരുന്നോ എന്ന് ഓഫീസര്‍ കൊങ്കണി ഭാഷയില്‍ ചോദിച്ചു. അവള്‍ തനിച്ചാണെന്ന് മറുപടി നല്‍കി.
തുടര്‍ന്നാണ് ഹോട്ടല്‍ മുറിയിലെ രക്തക്കറയെ കുറിച്ചും അവളെ സംശയമുണ്ടെന്നും പറഞ്ഞത്. ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഫോണ്‍ സുചനയ്ക്ക് കൈമാറി. കുട്ടിയെ കുറിച്ച് ചോദിച്ചു. അവള്‍ മറുപടി നല്‍കി. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം പൊലീസ് വീണ്ടും എന്നെ വിളിച്ചു.
എന്നിട്ട് പറഞ്ഞു, ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന്. അങ്ങനെ തന്ത്രപരമായി കുറെ മുന്നോട്ട് പോയി. ഔട്ട് പോസ്റ്റിലെത്തി ഉദ്യോഗസ്ഥനെ കണ്ട് ഫോണ്‍ കൈമാറി. തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടു. ശേഷം സ്യൂട്ട്‌കേസ് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.”