തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില കുറയ്ക്കുക, മദ്യപിച്ച് മര്യാദയ്ക്ക് നടന്നുപോകാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്
സെക്രട്ടേറിയറ്റിനു മുന്നില്‍ വ്യത്യസ്തമായ പ്രതിഷേധ ധര്‍ണയുമായി ഓള്‍ കേരള മദ്യപാന അനുകൂല സംഘടന. പ്ലക്കാര്‍ഡുകളുമായി രണ്ടു പേരാണ് ശനിയാഴ്ച രാവിലെ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തിയത്.
മദ്യത്തെ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുക, മദ്യപിച്ച് നടന്നുപോകുന്നവരെ ഊതിപ്പിച്ച് ദേഹോപദ്രവം ചെയ്യുന്നത് അവസാനിപ്പിക്കുക, മദ്യപിച്ച് നടന്നുപോകുന്നവര്‍ക്കെതിരെ കേസെടുക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു. മദ്യപാനികളോടുള്ള അവഗണന അവസാനിപ്പിക്കുക, മദ്യഷോപ്പ് ജീവനക്കാര്‍ കാണിക്കുന്ന ക്രൂരത ഒഴിവാക്കുക, ഒരോ പഞ്ചായത്തിലും ബീവറേജ് ഔട്ട്‌ലെറ്റുകള്‍ തുറക്കുക തുടങ്ങിയ ആവശ്യങ്ങളും പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്നു.