32.3 C
Kottayam
Tuesday, October 1, 2024

തൃത്താല ഇരട്ടക്കൊല: ആദ്യം വെട്ടിയത് അൻസാറിനെ, കബീറിനെ കുത്തി പുഴയിലിട്ടു;അരുംകൊലയ്ക്ക് കാരണം?

Must read

പാലക്കാട്: കണ്ണനൂര്‍ കരിമ്പനക്കടവില്‍ ഭാരതപ്പുഴയ്ക്കുസമീപം രണ്ടുയുവാക്കള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹതകള്‍ അകലുന്നു. കൊല്ലപ്പെട്ടവരുടെ സുഹൃത്തായ ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര പറമ്പില്‍ മുസ്തഫ (28) കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര പറമ്പില്‍ അന്‍സാര്‍, കാരക്കാട് തേനാത്തിപ്പറമ്പില്‍ അഹമ്മദ് കബീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് അന്‍സാര്‍ (28) മാത്രമാണ് മരിച്ചത് എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രിതന്നെ അന്‍സാറിന്റെ സുഹൃത്തായ മുസ്തഫയെ പോലീസ് പിടികൂടിയിരുന്നു.

പ്രാഥമിക വിവരശേഖരണത്തിനിടെ അന്‍സാറിനെ കൊലപ്പെടുത്തിയത് സുഹൃത്തായ അഹമ്മദ് കബീറാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ അഹമ്മദ് കബീറിന്റെ (27) മൃതദേഹംകൂടി ഭാരതപ്പുഴയില്‍ കണ്ടെത്തിയതോടെ മുസ്തഫയുടെ മൊഴിയെക്കുറിച്ച് പോലീസിന് സംശയമുണ്ടായിരുന്നു.

ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം തൃത്താലയിലെത്തി മുസ്തഫയില്‍നിന്ന് വിവരങ്ങള്‍ തേടി. വെള്ളിയാഴ്ച രാത്രി വൈകിയാണ് രണ്ടുകൊലയ്ക്കു പിന്നിലും താന്‍തന്നെയാണെന് മുസ്തഫ കുറ്റസമ്മതം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

മുസ്തഫയെ കുടുക്കിയത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സഞ്ചരിച്ച ഓട്ടോറിക്ഷാ ഡ്രൈവറുടെ ഫോണില്‍നിന്ന് സുഹൃത്തിനെ വിളിക്കാന്‍ നടത്തിയ ശ്രമം. മുസ്തഫ വിളിക്കാന്‍ സാധ്യതയുള്ള ഫോണ്‍നമ്പറുകളെല്ലാം പോലീസ് നിരീക്ഷിച്ചിരുന്നു. ഇതിനിടെയാണ് ഓട്ടോഡ്രൈവറുടെ ഫോണില്‍നിന്ന് സുഹൃത്തിനെ ഇയാള്‍ വിളിച്ചത്. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ പോലീസ് മുസ്തഫയെ പിന്തുടര്‍ന്നു. തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂരില്‍വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചാലിശ്ശേരി എസ്.എച്ച്.ഒ. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രാദേശികതലത്തില്‍ അന്വേഷണം ഏകോപിപ്പിച്ചത്. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. പി.സി. ഹരിദാസാണ് നേതൃത്വം നല്‍കിയത്. ഡിവൈ.എസ്.പി.യുടെ കീഴിലുള്ള പോലീസ് സംഘവും തൃത്താല സ്റ്റേഷനിലെ പോലീസുകാരും മൂന്നുസംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്.

സംഭവശേഷം മുസ്തഫ തൃശ്ശൂര്‍ ആറ്റൂരിലേക്കു കടന്നത് ആത്മഹത്യചെയ്യാനുള്ള തയ്യാറെടുപ്പോടെയെന്ന് പോലീസ്. ഇയാളെ പിടികൂടുമ്പോള്‍ ആത്മഹത്യയ്ക്കുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയതിന്റെ ലക്ഷണങ്ങള്‍ പോലീസ് തിരിച്ചറിഞ്ഞിരുന്നു. തെറ്റിന്റെ ഗൗരവം മനസ്സിലായതോടെയാണ് താന്‍ ആത്മഹത്യയ്ക്കു തുനിഞ്ഞതെന്ന് മുസ്തഫ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

ഇരട്ടക്കൊലപാതകത്തിലേക്കു നയിച്ച കാരണത്തെക്കുറിച്ച് സൂചന ലഭിച്ചതായി ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയശേഷമേ പ്രതികരിക്കാനാവൂ എന്നും എസ്.പി. പറഞ്ഞു.

അന്‍സാറിനെയാണ് ആദ്യം വെട്ടിയതെന്നും പിന്നീട് അഹമ്മദ് കബീറിനെ വെട്ടി പുഴയില്‍ തള്ളുകയായിരുന്നെന്നും മുസ്തഫ മൊഴിനല്‍കിയിട്ടുണ്ട്. രണ്ട് കൊലപാതകങ്ങളും വെവ്വേറെ കേസുകളായാണ് എടുത്തിട്ടുള്ളതെന്നും എസ്.പി. പറഞ്ഞു.

അറസ്റ്റിലായ മുസ്തഫയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. യുവാക്കളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പുഴയില്‍നിന്ന് മുങ്ങല്‍വിദഗ്ധര്‍ കണ്ടെടുത്തു. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പോലീസ് സംഘം പ്രതിയുമായി കണ്ണനൂരിലെ പുഴയോരത്തെത്തിയത്. മുസ്തഫയ്‌ക്കൊപ്പം അന്‍സാറും കബീറും പുഴയോടു ചേര്‍ന്നുള്ള പാറപ്പുറത്താണ് മീന്‍പിടിക്കാന്‍ എത്തിയത്. ഇവിടെ വെച്ചുണ്ടായ വഴക്കാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് പറയുന്നത്. കൊലനടത്തിയ രീതി പ്രതി പോലീസിനോടു വിശദീകരിച്ചു. തെളിവെടുപ്പിനെത്തിച്ചപ്പോഴും മുസ്തഫയ്ക്ക് ഒരു കൂസലുമില്ലായിരുന്നു. ഉച്ചയോടെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ മുസ്തഫയെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കി. തുടര്‍ന്ന് ഒറ്റപ്പാലം കോടതിയില്‍ ഹാജാരാക്കി.

ആദ്യം അന്‍സാറിന്റെ കഴുത്തിലാണു വെട്ടിയതെന്നു മുസ്തഫ പോലീസിനോടു പറഞ്ഞു. തടയാനെത്തിയ കബീറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇതിനിടെ അന്‍സാര്‍ ഓടിപ്പോവുകയായിരുന്നു. കബീറിനെ വീണ്ടും കുത്തിയശേഷം പുഴയിലേക്കു തള്ളിയിട്ടതായും പറയുന്നു. കത്തി പുഴയില്‍ ഉപേക്ഷിക്കുകയുംചെയ്തു.

കബീറിന്റെ മൃതശരീരത്തില്‍ കത്തികൊണ്ടു കുത്തിയ നാലു മുറിവുള്ളതായി പോലീസ്. കഴുത്തില്‍ മൂന്നും കാലില്‍ ഒരുകുത്തുമാണേറ്റത്. കഴുത്തിലെ മുറിവുകള്‍ക്ക് നാലിഞ്ചിലേറെ ആഴമുണ്ട്. അന്‍സാറിന്റെ കഴുത്തില്‍ ഒന്നരയിഞ്ചിലേറെ ആഴമുള്ള മുറിവാണു കണ്ടത്.മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറി.

ലഹരി ഉപയോഗത്തിനിടെയുണ്ടായ തര്‍ക്കമാണു കാരണമെന്ന വാര്‍ത്തകള്‍ പരന്നെങ്കിലും കൊല്ലാനുപയോഗിച്ച ആയുധം നേരത്തേ കരുതിയതും കൊലപാതകത്തിന്റെ ആസൂത്രിതരീതിയും ഈ വാദത്തെ തള്ളുന്നതാണ്. വിദേശത്ത് ജോലിചെയ്തിരുന്ന അന്‍സാര്‍ അടുത്തിടെയാണു നാട്ടിലെത്തിയത്. ഉടന്‍ വിവാഹം നടക്കാനിരിക്കുകയുമാണ്. ഇതുസംബന്ധിച്ചും മൂന്നുപേരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗവർണറുടെ ഷാളിന് തീപിടിച്ചു;സംഭവം ആശ്രമത്തിലെ ചടങ്ങിനിടെ

പാലക്കാട്: പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു.  നിലവിളക്കിൽ നിന്നുമാണ് തീ പടർന്നത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടനെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. ​ഗവർണർക്ക് മറ്റ് പരിക്കുകളൊന്നുമില്ല....

‘നിങ്ങൾക്ക് അത്ര താല്‍പ്പര്യമില്ല’ സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിയോട് സുപ്രീം കോടതി

ന്യൂഡൽഹി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണം എന്ന ഹർജിയെ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് താത്പര്യത്തോടെയല്ല കാണുന്നതെന്ന് സുപ്രീം കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ ഹൃഷികേഷ് റോയ്, എസ് വി...

നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി നടി; DGP-ക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി

കൊച്ചി: നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി നടി പരാതി...

പീഡനപരാതി: നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ നടന്റെ മൊഴിയും രേഖപ്പെടുത്തി

കൊച്ചി : ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു. പ്രത്യേക അന്വേഷണസംഘമാണ് കൊച്ചിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തത്. നിവിൻ നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...

ഭർത്താവിന്റെ അന്തസിലും വലുതല്ല ഒരു ഭൂമിയും’, വിവാദ മുഡ ഭൂമി തിരിച്ചുനൽകുന്നുവെന്ന് സിദ്ധരാമയ്യയുടെ ഭാര്യ 

ബെംഗ്ളൂരു : മുഡ ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചു നൽകി സിദ്ധരാമയ്യയുടെ ഭാര്യ ബി എൻ പാർവതി. പാർവതിയുടെ പേരിൽ മുഡ പതിച്ച് നൽകിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു...

Popular this week