‘ബുക്ക് മൗ ഷോയ്ക്ക് ബൈ ബൈ’സിനിമാ ടിക്കറ്റെടുക്കാൻ ഇനി സർക്കാരിന്റെ ‘എന്റെ ഷോ’ ആപ്പും വെബ്‌സൈറ്റും
കൊച്ചി: സിനിമാടിക്കറ്റുകൾ ബുക്കുചെയ്യുന്നതിനായി സർക്കാരിന്റെ നേതൃത്വത്തിൽ മൊബൈൽ ആപ്പും വെബ്‌സൈറ്റും വരുന്നു. ‘എന്റെ ഷോ’ എന്നാണ് പേര്. പരീക്ഷണാടിസ്ഥാനത്തിൽ കെ.എസ്.എഫ്.ഡി.സിയുടെ 16 തിയേറ്ററുകളിൽ ‘എന്റെ ഷോ’വഴിയുള്ള ടിക്കറ്റ് വിതരണം ഉടൻ തുടങ്ങും.
ജനുവരിയോടെ കേരളത്തിലെ എല്ലാ തിയേറ്ററുകളെയും ഉൾപ്പെടുത്തി പൂർണമായും പ്രവർത്തനസജ്ജമാക്കാനാണ് ഉദ്ദേശ്യം. സാധാരണ സിനിമാടിക്കറ്റ് ബുക്കിങ് ആപ്പുകളെയും വെബ്‌സൈറ്റുകളെയും പോലെയാണ് ഇതിന്റെയും പ്രവർത്തനം. ഒരു ടിക്കറ്റിന് ഒന്നര രൂപ മാത്രമേ അധികമായി നൽകേണ്ടതുള്ളൂ.
ടിക്കറ്റ് വിതരണം ‘എന്റെ ഷോ’യിലൂടെയാക്കുന്നതോടെ എത്ര ടിക്കറ്റ് വിറ്റു എന്നതിന്റെ കൃത്യമായ കണക്ക് സർക്കാരിനും നിർമാതാക്കൾക്കും തിയേറ്റർ ഉടമകൾക്കും കിട്ടും എന്നതാണ് ഏറ്റവും വലിയ ഗുണം. ചില ടിക്കറ്റ് ബുക്കിങ് ആപ്പുകൾ പണം വാങ്ങി സിനിമയുടെ പ്രചാരണത്തിൽ ഉൾപ്പെടെ സ്വാധീനം ചെലുത്തുന്നതായി ആരോപണമുയർന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.
ഒരു ടിക്കറ്റിന് 25 രൂപമുതൽ അധികം ഈടാക്കി ഇവർ വൻലാഭമുണ്ടാക്കുന്നുവെന്ന കണ്ടെത്തലും പുതിയ നീക്കത്തിന് പിന്നിലുണ്ട്. ചലച്ചിത്ര ക്ഷേമനിധിയിലേക്കുള്ള വിഹിതവും വിനോദനികുതിയും ഉറപ്പുവരുത്തുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലുള്ള മറ്റൊരു പ്രധാനഘടകം. 18 ശതമാനം ജി.എസ്.ടി.ക്കും എട്ടരശതമാനം വിനോദനികുതിക്കും പുറമേ സെസ് ഇനത്തിൽ മൂന്നുരൂപ ചലച്ചിത്ര ക്ഷേമനിധിയിലേക്കുള്ള വിഹിതമായി ഓരോ ടിക്കറ്റിലും ഈടാക്കുന്നുണ്ട്. പക്ഷേ, ഈ തുക പലപ്പോഴും പല തിയേറ്ററുകളും അടയ്ക്കാറില്ല.
സിനിമാടിക്കറ്റിങ് ആപ്പുകൾക്കും സ്വന്തമായി ആപ്പും വെബ്‌സൈറ്റുമുള്ള തിയേറ്ററുകൾക്കും ‘എന്റെ ഷോ’യിലൂടെയായിരിക്കും ഇനി ടിക്കറ്റ് വിതരണം ചെയ്യാനാകുക.