കൊച്ചി: ചെറുകുടലിന്റെ നീളം ഒന്നര കിലോമീറ്ററെന്ന് പറഞ്ഞ ചാണ്ടി ഉമ്മന് സോഷ്യൽമീഡിയയിൽ വ്യാപക ട്രോൾ. പൊതുപരിപാടിയിൽ ഒന്നരകിലോമീറ്റർ നീളമുള്ള ചെറുകുടലിനെപ്പറ്റി ചാണ്ടി ഉമ്മൻ ആധികാരികമായി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ.
നമ്മുടെയെല്ലാം ചെറുകുടലിന് ഒന്നര കിലോമീറ്ററാണ് നീളമെന്നും എന്നാൽ തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ ചെറുകുടലിന് 300 മീറ്റർ മാത്രമായിരുന്നു നീളം എന്നുമാണ് ചാണ്ടി ഉമ്മൻ വീഡിയോയിൽ പറയുന്നത്. ഭക്ഷണം കഴിക്കാതെ ചുരുങ്ങിപ്പോയതിനാലാണ് ഇത്രയും നീളം കുറഞ്ഞതെന്നും ചാണ്ടി ഉമ്മൻ പറയുന്നുണ്ട്.
വീഡിയോ വൈറലായതോടെ ചാണ്ടി ഉമ്മനെ ട്രോളുകൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. 7 മീറ്റർ(22 അടി) ആണ് ചെറുകുടലിന്റെ ശരാശരി നീളം. തിരുവനന്തപുരത്ത് നടന്ന ഉമ്മൻചാണ്ടി അനുസ്മരണപരിപാടിയിൽ ചാണ്ടി ഉമ്മൻ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ അഘോഷമാക്കുന്നത്.
യഥാർത്ഥത്തിൽ ചെറുകുടലിന്‍റെ നീളം എത്രയാണെന്ന് അന്വേഷിക്കുകയാണ് സൈബര്‍ ലോകം. സാധാരാണ ഒരു മനുഷ്യന്‍റെ ചെറുകുടലിന്‍റെ നീളം 7 മുതല്‍ എട്ട് മീറ്റര്‍ വരെയാണ് നീളം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ദഹനം, ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്ന പ്രക്രിയയുടെ പ്രധാന ഭാഗം എന്നിവ നടക്കുന്നത് ചെറുകുടലിലാണ്.
ഭക്ഷണം കഴിക്കാതിരിക്കുന്നതു കൊണ്ട് ഒരാളുടെ ചെറുകുടല്‍ ചുരുങ്ങില്ലെന്നും ഗ്യാസ്ട്രോളജിസ്റ്റുകള്‍ പറയുന്നു. ചെറുകുടലില്‍ ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയകള്‍ നടത്തിയാല്‍ മാത്രമേ ഇത്തരത്തില്‍ നീളത്തില്‍ മാറ്റം വരുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ പറയുന്നു.
നാക്ക് പിഴ മൂലം സംഭവിച്ചതാണോ, അതോ തെറ്റിധാരണയാണോ സംഭവിച്ചത് എന്ന് അറിയില്ലെങ്കിലും ചാണ്ടി ഉമ്മന്റെ ഈ പ്രസംഗത്തിനെതിരെ നിരവധി ട്രോളുകളാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നര കിലോ മീറ്ററിന് പകരം ഇനി ചെറുകുടല്‍ എന്ന് പറഞ്ഞാല്‍ മതിയെന്നാണ് പലരുടെയും കമന്‍റുകള്‍.