ന്യുഡല്‍ഹി: ശനിയാഴ്ച രാവിലെ ഡല്‍ഹിയില്‍ ആരംഭിച്ച ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലും രാജ്യത്തിന്റെ പേര് പ്രദര്‍ശിപ്പിച്ചത് ‘ഭാരത്’ എന്നു മാത്രം. രാജ്യത്തിന്റെ പേര് ഇന്ത്യയെന്നത് മാറ്റി ‘ഭാരത്’ മാത്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദിയുടെ ഇരിപ്പിടത്തില്‍ ദേശീയ പതാകയ്ക്കും ജി20 മുദ്രയ്ക്കും ഒപ്പം രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രം ആലേഖനം ചെയ്തിരുന്നത്.
ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് സജ്ജീകരിച്ചിരിക്കുന്ന ഭാരത് മണ്ഡപത്തിലാണ് ജി20 ഉദ്ഘാടന സമ്മേളനം ശനിയാഴ്ച രാവിലെ നടന്നത്. ഇന്ന് നടക്കുന്ന രണ്ട് സെഷനുകള്‍ക്ക് ശേഷം വൈകുന്നേരം രാഷ്ട്രപതിയുടെ അത്താഴ വിരുന്നുണ്ട്. ഈ വിരുന്നലേക്കുള്ള ക്ഷണക്കത്തില്‍ നേരത്തെ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് അച്ചടിച്ചിരുന്നത്
വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനേഷ്യ യാത്രയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലും പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്നാണ് നല്‍കിയിരുന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധം ലോകത്ത് വിശ്വാസരാഹിത്യം കൂട്ടിയെന്നും പഴയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും ലോക നേതാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.
കൊവിഡിന് ശേഷം ലോകത്ത് വലിയ വിശ്വാസരാഹിത്യമുണ്ടായി. റഷ്യ -യുക്രെയിൻ സംഘർഷം ഈ വിശ്വാസരാഹിത്യം വർദ്ധിക്കാൻ ഇടയാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ലോകത്തിന് മുന്നിൽ പുതിയൊരു മാർഗം തുറക്കേണ്ട സമയമാണ്. പഴയ പ്രശ്നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.
കൊവിഡ് 19 നെ തോൽപ്പിക്കാൻ കഴിഞ്ഞ നമുക്ക് യുദ്ധം സൃഷ്ടിച്ച വിശ്വാസരാഹിത്യത്തെ മറികടക്കാനും കഴിയും. എല്ലാവരെയും ഉൾക്കൊള്ളുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചുവെന്നും മോദി ചടങ്ങിൽ അഭിപ്രായപ്പെട്ടു. മൊറോക്കോ ഭൂചലനത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച മോദി സാധ്യമായ എല്ലാ സഹായവും നൽകുമെന്നും പ്രഖ്യാപിച്ചു.