ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചതായ റിപ്പോര്‍ട്ടുകള്‍ തള്ളി മുന്‍ സഹതാരം കൂടിയായ ഹെന്റി ഒലോങ്ക. ഹീത്ത് സ്ട്രീക്കിന്റെ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടോട് കൂടിയാണ് ഒലോങ്ക വിവരം പങ്കുവച്ചിരിക്കുന്നത്. മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നേരത്തെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റും ഇദ്ദേഹം പിന്‍വലിച്ചിട്ടുണ്ട്.
ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യാജമാണ്. അദ്ദേഹവുമായി ഞാന്‍ സംസരിച്ചു. ‘തേര്‍ഡ് അംപയര്‍’ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു. അദ്ദേഹം ജീവനോടെയുണ്ട്, ഒലോങ്ക എക്‌സില്‍ കുറിച്ചു.
അർബുദബാധയെത്തുടർന്ന് സ്ട്രീക്ക് മരിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത് ബുധനാഴ്ച രാവിലെയാണ്. അദ്ദേഹം മരിച്ചുവെന്ന് വാർത്ത നൽകിയതിൽ ക്ഷമ ചോദിക്കുന്നതായി സ്പോർട്സ്റ്റാർ ട്വീറ്റ് ചെയതു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് തങ്ങളുടെ ലേഖകൻ സ്ഥിരീകരിച്ചതായി സ്പോർട്സ്റ്റാർ അറിയിച്ചു. ദ ഗാർഡിയൻ ഉൾപ്പെടെയുള്ള അന്താരാഷട്ര മാധ്യമങ്ങളും സ്ട്രീക്കിന്റെ മരണവാർത്ത നൽകിയിരുന്നു.
സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനവും കളിച്ച സ്ട്രീക്ക് ഒരുകാലത്ത് ഏറെ ആഘോഷിക്കപ്പെട്ട താരമായിരുന്നു. 1993-ലാണ് ഹീത്ത് സ്ട്രീക്ക് സിംബാബ്‌വെയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. 2000-ത്തിൽ ടീമിന്റെ നായകനായ സ്ട്രീക്കിന്റെ കീഴിൽ സിംബാബ്‌വെ അവരുടെ ആദ്യത്തെ വിദേശ ടെസ്റ്റ് പരമ്പര നേടിയത് . 2005-ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നും അദ്ദേഹം വിരമിച്ചു.
വിരമിച്ചതിന് ശേഷവും പരിശീലക വേഷത്തിൽ സജീവമായിരുന്നു സ്ട്രീക്ക് . 2009-13 കാലഘട്ടത്തിൽ സിംബാബ്‌വെയുടെ ബോളിങ് കോച്ചായിരുന്നു. ഐ.പി.എല്ലിൽ കൊൽക്കത്ത് നെെറ്റ് ഡെെറേഴ്സിന്റെയും കോച്ചായിരുന്നു.