InternationalNews

കാട്ടുതീയിൽ നടുങ്ങി ഗ്രീസ്,ഗ്രാമത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത് 18 കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍

അലക്സാണ്ട്രോപൊളിസ്: ദിവസങ്ങളോളം കാട്ടുതീയുടെ പിടിയിലായ ഗ്രാമത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത് 18 കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍. വടക്കന്‍ ഗ്രീസിലെ ഉള്‍ഗ്രാമത്തില്‍ നിന്നുമാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദഹങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാലാം ദിവസവും ഈ മേഖലയില്‍ കാട്ടുതീ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. ഗ്രീസിനെ അടിമുടി വലച്ചിരിക്കുകയാണ് കാട്ടുതീ.

അലക്സാണ്ട്രോപൊളിസ് നഗരത്തിലെ ആശുപത്രികളില്‍ നിന്ന് ചൊവ്വാഴ്ചയോടെ രോഗികളേയും ആളുകളേയും ഭരണകൂടം ഒഴിപ്പിച്ചിരുന്നു. മൌണ്ട് പര്‍ണിതയിലേക്ക് പടര്‍ന്ന തീ ആതന്‍സിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ അടക്കം പുക നിറയാന്‍ കാരണമായിരിക്കുകയാണ്.

ഡാഡിയ വനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. പശ്ചിമേഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് അനധികൃത കുടിയേറ്റക്കാര്‍ പതിവായി എത്തുന്ന പ്രധാന പാതകളിലൊന്നാണ് ഈ മേഖല.

തെക്കൻ യൂറോപ്പ് കനത്ത ഉഷ്ണതരംഗത്തെ നേരിടുന്നതിനിടയിലാണ് ഗ്രീസില്‍ കാട്ടുതീ പടരുന്നത്. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അഗ്നിരക്ഷാ സേനാ അന്താരാഷ്ട്ര മാധ്യമങ്ങളോട് വിശദമാക്കി. അനധികൃത കുടിയേറ്റക്കാരുടെ സംഘം കാട്ടുതീയില്‍ പെടാനുള്ള സാധ്യത ഏറെയാണെന്നാണ് അഗ്നി രക്ഷാ സേന വിലയിരുത്തുന്നത്. മരണത്തില്‍ ഗ്രീസ് ഭരണകൂടം അഗാധമായ ദുഖം രേഖപ്പെടുത്തി.

തിങ്കളാഴ്ചയും ഒരു മൃതദേഹം ഈ മേഖലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. നടന്നത് അനധികൃത കുടിയേറ്റത്തിന്‍റെ അപകടമാണെന്ന് കുടിയേറ്റകാര്യ മന്ത്രി ദിമിത്രി കൈരിദിസ് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button