ന്യോണ്‍: കഴിഞ്ഞ വര്‍ഷത്തെ യുവേഫയുടെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരത്തിനായി സൂപ്പര്‍താരങ്ങളുടെ പോരാട്ടം. മൂന്ന് താരങ്ങളുടെ ചുരുക്കപട്ടിക യുവേഫ പ്രഖ്യാപിച്ചു. അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി, മാഞ്ചെസ്റ്റര്‍ സിറ്റി താരങ്ങളായ കെവിന്‍ ഡിബ്രുയിന്‍, എര്‍ലിങ് ഹാളണ്ട് എന്നിവരാണ് ചുരുക്കപട്ടികയില്‍ ഇടംപിടിച്ചത്.
2023/24 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്‌റ്റേജ് നറുക്കെടുപ്പ് നടക്കുന്ന ചടങ്ങിലാണ് മികച്ച താരത്തെ പ്രഖ്യാപിക്കുക. ഓഗസ്റ്റ് 31-ന് മൊണോക്കോയിലെ ഗ്രിമാല്‍ഡി ഫോറത്തില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക.
ഖത്തര്‍ ലോകകപ്പിലെ മികച്ച പ്രകടനമാണ് മെസ്സി പട്ടികയില്‍ ഇടം പിടിച്ചതിന് പിന്നില്‍. അര്‍ജന്റീനയെ ലോകകപ്പ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായകമായിരുന്നു മെസ്സിയുടെ പ്രകടനം. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും അര്‍ജന്റീനന്‍ നായകനാണ് സ്വന്തമാക്കിയത്. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയ്ക്കായി ലീഗ് കിരീടവും നേടിയിട്ടുണ്ട്.
മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ട്രബിള്‍ നേട്ടത്തില്‍ സുപ്രധാന പങ്കുവഹിച്ച താരങ്ങളാണ് കെവിന്‍ ഡിബ്രുയിനും എര്‍ലിങ് ഹാളണ്ടും. സിറ്റിക്ക് വേണ്ടിയുള്ള ഈ പ്രകടനങ്ങളാണ് ഇരുവര്‍ക്കും തുണയായത്. ഹാളണ്ടിന്റെ ഗോളടിമികവിലാണ് സിറ്റി കന്നി ചാമ്പ്യന്‍സ് ലീഗിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ് കിരീടങ്ങളിലും മുത്തമിടുന്നത്.
ചാമ്പ്യന്‍സ് ലീഗില്‍ 12 ഗോളുകള്‍ നേടിയ താരം പ്രീമിയര്‍ ലീഗില്‍ റെക്കോഡ് കുറിച്ച് 36 ഗോളുകളും നേടി. ഡിബ്രുയിനും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നേടിയ താരമാണ് ഡിബ്രുയിന്‍. ചാമ്പ്യന്‍സ് ലീഗില്‍ നാല് മത്സരങ്ങളില്‍ മികച്ച താരവുമായി.
മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരത്തിനായുള്ള ചുരുക്കപട്ടികയും പുറത്തുവിട്ടിട്ടുണ്ട്. മാഞ്ചെസ്റ്റര്‍ സിറ്റി പരിശീലകന്‍ ജോസ് ഗ്വാര്‍ഡിയോള, ഇന്റര്‍ മിലാന്‍ പരിശീലകന്‍ സിമോണ്‍ ഇന്‍സാഗി, നാപോളി പരിശീലകന്‍ ലുസിയാനോ സ്പല്ലെറ്റി എന്നിവരാണ് പട്ടികയിലുള്ളത്.