മകളെ വിവാഹം ചെയ്തു കൊടുക്കാത്തതിലുള്ള വൈരാഗ്യം;അച്ഛനെ വീട്ടിൽ കയറി വെട്ടി, യുവാവ് അറസ്റ്റിൽ

കണ്ണൂർ: മകളെ വിവാഹം ചെയ്തു കൊടുക്കാത്തത്തിലുള്ള വൈരാഗ്യത്തിൽ അച്ഛനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു. കണ്ണൂർ ചൂരൽ ഹരിതീർത്ഥങ്കരയിൽ വാടകക്ക് താമസിക്കുന്ന ലോറി ഡ്രൈവറായ രാജേഷിനെതിരെയാണ് അക്രമമുണ്ടായത്. കണ്ണൂർ തയ്യിൽ സ്വദേശികളായ അക്ഷയ് (28), അമർനാഥ് (27) എന്നിവർ ചേർന്നാണ് അക്രമിച്ചത്.

വ്യാഴാഴ്ച പുലർച്ചെ 1.30-നാണ് സംഭവം. ആക്രമണത്തിനിരയായ രാജേഷിന്‌ തല മുതൽ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. ഇരിക്കൂർ മാമാനം സ്വദേശിയാണ് രാജേഷ്. ഇദ്ദേഹത്തിന്റെ ഭാര്യ റീത്തയുടെ മുൻവിവാഹത്തിലുള്ള മകൾ കാവ്യയെ വിവാഹം കഴിച്ച് നൽകണമെന്ന് അക്ഷയ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവാഹത്തിന് വിസ്സമതിച്ച രാജേഷ് കാവ്യയെ മറ്റൊരു വിവാഹം കഴിച്ച് കൊടുക്കുകയായിരുന്നു. ഈ വിവാഹത്തിൽ കാവ്യക്ക് ഒരു മകളുമുണ്ട്.

പിന്നീട് അക്ഷയിൽ നിന്നുമുണ്ടായ ഭീഷണിയെത്തുടർന്നാണ് രാജേഷ് ചൂരരിലേക്ക് താമസം മാറുന്നത്. എന്നാൽ വ്യാഴാഴ്ച പുലർച്ചെ അക്ഷയും കൂട്ടുകാരനുമായ അമർനാഥും ചേർന്ന് ഇദ്ദേഹത്തിന്റെ വീട്ടിലെത്തി അക്രമിക്കുകയായിരുന്നു. രാജേഷ് നിലവിൽ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് അക്ഷയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തതായാണ് വിവരം. ഇയാളുടെ ഒപ്പമുണ്ടായിരുന്ന അമർനാഥിനെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News