ഭുവനേശ്വര്‍:രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 288 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം,ട്രെയിൻ അപകട സ്ഥലവും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന കട്ടക്കിലെ ആശുപത്രിയും സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. കൃത്യമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു. അപകടത്തിന് കാരണം സിഗ്‌നൽ നൽകിയതിലെ പിഴവെന്ന് റെയിൽവേ സംഘത്തിന്റെ പ്രാഥമിക നിഗമനം.
#WATCH | The rescue operation is almost complete. The operation of the last bogie has started. So far the death toll has been around 288. The injured are undergoing treatment: Odisha Chief Secretary Pradeep Jena, Bhubaneswar #OdishaTrainAccident pic.twitter.com/OvlVMPvAs3
— ANI (@ANI) June 3, 2023
ഒഡീഷയിലെ തീവണ്ടി ദുരന്തസ്ഥലം സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുദ്രാവാക്യങ്ങളോടെ വരവേറ്റ് ബിജെപി പ്രവർത്തകർ. അപകടം നടന്ന ബലാസോറിലെ ബഹഗനയിൽ ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് പ്രധാനമന്ത്രിയെത്തിയത്. സന്ദർശനത്തിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവച്ചു. മോദി…മോദി എന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം.
#WATCH | Prime Minister Narendra Modi at the site of #BalasoreTrainAccident.#OdishaTrainTragedy pic.twitter.com/rlnQuM9ozS
— ANI (@ANI) June 3, 2023
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തി. മോദി റാലിക്കെത്തിയതാണോ എന്നും ഒരു കൊറിയൻ പടം കാണുന്ന പോലെയുണ്ടല്ലോ എന്നിങ്ങനെയാണ് ട്വിറ്ററിലെ പ്രതികരണങ്ങൾ. ഇത്രയും വലിയൊരു അപകടം നടന്ന സ്ഥലത്ത് ബിജെപി പ്രവർത്തകർക്ക് എങ്ങനെ മുദ്രാവാക്യം വിളിക്കാൻ സാധിക്കുന്നു എന്ന് ചിലർ ചോദിച്ചു
ട്രെയിൻ കൂട്ടിയിടി ഒഴിവാക്കുന്ന സിഗ്‌നൽ സംവിധാനമായ കവച് അപകടത്തിൽപെട്ട ട്രെയിനുകളിൽ ഉണ്ടായിരുന്നില്ലേ എന്ന് നാനാഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉയരുകയാണ്. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച കവച് സംവിധാനത്തിന്റെ പരീക്ഷണം 2022-ല്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലാണ് നടപ്പാക്കിയത്.
ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതും കൂട്ടിയിടി ഒഴിവാക്കാനുള്ള മുന്‍കരുതലായി പ്രവര്‍ത്തിക്കുന്നതുമായ ഓട്ടോമാറ്റിക് സംവിധാനമെന്നായിരുന്നു കവചിന്റെ വിശേഷണം. അപകടങ്ങളില്ലാതെ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാനും എണ്ണം കൂട്ടാനും ലക്ഷ്യമിട്ടാണ് ട്രെയിന്‍ കോളിഷന്‍ അവോയിഡന്‍സ് സിസ്റ്റം എന്ന സാങ്കേതിക നാമത്തിൽ അറിയപ്പെടുന്ന കവച് ഒരു സുരക്ഷാ സംവിധാനമായി കേന്ദ്രം മുന്നോട്ടുവെച്ചത്.
എന്നാൽ, അപകടത്തിപെട്ട ട്രെയിനുകളിൽ കവച് സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഒഡീഷയിലെ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ട്രെയിൻ ഗതാഗതം വ്യാപകമായ ഇന്ത്യയിൽ കവച് പോലൊരു സുരക്ഷാ സംവിധാനത്തിന്റെ പ്രാധാന്യം നേരത്തെ തന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നാൽ, അത് പ്രയോഗികതലത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്രസർക്കാർ വൈകിയതാണ് അപകടമുണ്ടാക്കിയതെന്ന ആക്ഷേപവും ശക്തമാണ്. ഒഡീഷയിൽ അപകടമുണ്ടായ റൂട്ടിൽ ഈ സംവിധാനം ലഭ്യമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ വക്താവ് അമിതാഭ് ശർമ രംഗത്തെത്തിയിരുന്നു.
ഒഡീഷ ട്രെയിൻ ദുരന്തത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. സിഗ്‌നൽ സംവിധാനത്തിലെ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.