സിബിഐക്ക് പുതിയ മേധാവിയായി. കർണാടക സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദാണ് സിബിഐയുടെ പുതിയ മേധാവി. രണ്ട് വർഷത്തേക്കാണ് നിയമനം. ബിജപിക്കുവേണ്ടി പണിയെടുക്കുന്ന പ്രവീൺ സൂദിനെതിരെ അധികാരത്തിൽ വന്നാല്‍ നടപടിയെടുക്കുമെന്ന് ഡികെ ശിവകുമാർ പറഞ്ഞിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തി തൊട്ടു പിറ്റേന്നാണ് പ്രവീൺ സൂദിനെ സിബിഐ തലപ്പത്ത് നിയമിച്ചത്.
സിബിഐ മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്ക പട്ടികയാണ് അവസാനം ഉണ്ടായിരുന്നത്. കർണാടക ഡിജിപി പ്രവീൺ സൂദിന് പുറമെ, മധ്യപ്രദേശ് ഡിജിപി സുധീർ സക്സേന, കേന്ദ്ര ഫയർ സർവീസസ് മേധാവി താജ് ഹസ്സൻ എന്നിവരെയാണ് സിബിഐ തലപ്പത്തേക്ക് പരിഗണിച്ചിരുന്നത്. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്. ഇദ്ദേഹത്തിനാണ് ആദ്യം മുതലേ പ്രഥമ പരിഗണന ലഭിച്ചിരുന്നത്.
1986 ബാച്ചുകാരനായ കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ പ്രവീൺ സൂദിനാണ് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നത്. ബസവരാജ് ബൊമ്മെ സർക്കാരിനെ വഴിവിട്ട് സംരക്ഷിക്കുന്നതായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ ആരോപിച്ച ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്.
കോൺഗ്രസ് നേതാക്കളെ കേസിൽ കുടുക്കുന്ന സംസ്ഥാന പൊലീസ് മേധാവിക്കെതിരെ കേസെടുക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടിരുന്നു. പ്രവീൺ സൂദിനെതിരെ സിബിഐ ഡയറക്ടർ സ്ഥാനത്തേക്കു പരിഗണിക്കുന്നതിനെ എതിർത്ത് കോൺഗ്രസ് ഇതിനകം രംഗത്ത് വന്നിട്ടുണ്ട്.
പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുക. രണ്ടു വർഷമാണ് കുറഞ്ഞ കാലാവധി. അഞ്ചു വർഷം വരെ നീട്ടികൊടുക്കുന്നതിനു വ്യവസ്ഥയുണ്ട്.