തൃശൂർ:ബസ് ജീവനക്കാരന്റെ മുങ്ങിമരണം 4 വർഷത്തിനു ശേഷം കൊലപാതകമാണെന്നു തെളിഞ്ഞു. പ്രതി വരന്തരപ്പിള്ളി വേലൂപാടം സ്വദേശി ചുള്ളിപ്പറമ്പിൽ സലീഷിനെ (42) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. 4 വർഷം മുൻപു കേച്ചേരി ആയമുക്ക് പുഴയിൽ കൈപ്പറമ്പു സ്വദേശി കരിപ്പോട്ടിൽ ഗോപിനാഥൻ നായരുടെ മകൻ രജീഷ് (36) മരിച്ച കേസിലാണ് അറസ്റ്റ്. മുങ്ങി മരണമെന്നു രേഖപ്പെടുത്തിയ കേസാണിത്.
2019 നവംബർ 18 നായിരുന്നു സംഭവം. രജീഷും സലീഷും സുഹൃത്തുക്കളായിരുന്നു. ഇവർ മറ്റു സുഹൃത്തുക്കൾക്കൊപ്പം ആയമുക്ക് പുഴയുടെ അടുത്തുള്ള പറമ്പിൽ നിന്ന് ഉത്സവത്തിനായി കവുങ്ങിൻ പൂക്കുല വെട്ടിയിരുന്നു. എന്നാൽ തിരിച്ചുവരുമ്പോൾ ഇതെടുക്കാൻ മറന്നു. വീണ്ടും അതെടുക്കാൻ പോയ ഇരുവരും തമ്മിൽ തർക്കമുണ്ടായി.
വൈകിട്ടാണു രജീഷ് പുഴയിൽ വീണ കാര്യം സുഹൃത്തുക്കളോടു സലീഷ് പറയുന്നത്. മൊബൈൽ വെള്ളത്തിൽ വീണപ്പോൾ എടുക്കാൻ ശ്രമിച്ചപ്പോൾ മുങ്ങിപ്പോകുകയായിരുന്നെന്നാണു പറഞ്ഞത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നും സുഹൃത്തുക്കളെ സംശയമുണ്ടെന്നും രജീഷിന്റെ ബന്ധുക്കൾ എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. തുടർന്നാണു വീണ്ടും സുഹൃത്തുക്കളെ ചോദ്യം ചെയ്തത്. പുഴയിൽ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നെന്നു സലീഷ് തന്നെയാണു പൊലീസിനോടു പറഞ്ഞത്.
മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണു കൊലപാതകത്തിന് ഇടയാക്കിയതെന്നു പൊലീസ് പറഞ്ഞു.
കുന്നംകുളം എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സലീഷിനെ ആയമുക്ക് പുഴയോരത്തു കൊണ്ടുവന്നു തെളിവെടുത്തു. എസ്എച്ച്ഒ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.