ന്യൂഡല്‍ഹി: അവാസാന ഓവറില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കേ നന്നായി പന്തെറിഞ്ഞ ആന്‍ റിച്ച് നോര്‍ക്യയുടെ മികവിനെ മറികടന്ന് സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്.
ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്താണ് മുംബൈ മറികടന്നത്. സ്‌കോര്‍: ഡല്‍ഹി – 10/172 (19.4), മുംബൈ – 4/173 (20)
സീസണില്‍ ആദ്യമായി ഫോമിലെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 45 പന്തുകള്‍ നേരിട്ട രോഹിത് 65 റണ്‍സെടുത്തു. 26 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത ഇഷാന്‍ കിഷനും 29 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത തിലക് വര്‍മയും മുംബൈക്കായി മികച്ച പ്രകടനം നടത്തി. സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ കൂടി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.
അവസാന ഓവറുകള്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി മുംബൈയെ ടിം ഡേവിഡും (11 പന്തില്‍ 13*), കാമറൂണ്‍ ഗ്രീനും (എട്ട് പന്തില്‍ 17*) ചേര്‍ന്നാണ് ഒടുവില്‍ വിജയത്തിലെത്തിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 19.4 ഓവറില്‍ 172 റണ്‍സിന് ഓള്‍ഔട്ടായി. ഡല്‍ഹിക്കായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും അക്ഷര്‍ പട്ടേലും തിളങ്ങി.
25 പന്തില്‍ നിന്ന് അഞ്ച് സിക്സും നാല് ഫോറുമടക്കം 54 റണ്‍സെടുത്ത അക്ഷറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 47 പന്തുകള്‍ നേരിട്ട വാര്‍ണര്‍ ആറ് ബൗണ്ടറിയക്കം 51 റണ്‍സെടുത്ത് പുറത്തായി. മനീഷ് പാണ്ഡെ 18 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 26 റണ്‍സെടുത്തു.
പൃഥ്വി ഷാ (15), യാഷ് ദുള്‍ (2), റോവ്മാന്‍ പവല്‍ (4) എന്നിവരെല്ലാം നിരാശപ്പെടുത്തി.
മുംബൈക്കായി വെറ്ററന്‍ താരം പിയുഷ് ചൗള നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജേസന്‍ ബെഹ്റെന്‍ഡോര്‍ഫ് 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.