കൊച്ചി: സിനിമയില്‍ ഗൂഢ സംഘമുണ്ടെന്ന് പറഞ്ഞത് തന്റെ അനുഭവത്തിന്റെ പുറത്താണെന്ന് നീരജ് മാധവ്. ഇതിനെക്കുറിച്ച് നേരത്തെ സമൂഹ മാധ്യമത്തില്‍ നല്‍കിയ കുറിപ്പില്‍ നീരജ് താര സംഘടനയായ എഎംഎംഎക്ക് വിശദീകരണം നല്‍കി. താര സംഘടന വിശദീകരണം ഫെഫ്കയ്ക്ക് കൈമാറിയെന്നാണ് വിവരം.
തനിക്ക് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ഒരു പേരും മുന്നോട്ടു വയ്ക്കാനില്ല. അനുഭവത്തിന്റെ പുറത്ത് പറഞ്ഞുപോയതാണെന്നാണ് എഎംഎംഎയ്ക്കും ഫെഫ്കയ്ക്കും കൊടുത്ത മറുപടിയിലുള്ളത്. എന്നാല്‍ അങ്ങനെയുള്ള സംഘത്തില്‍ പെട്ട വ്യക്തികളുടെ പേര് പറഞ്ഞാല്‍ നിലപാടെടുക്കും എന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്ക വ്യക്തമാക്കിയിരുന്നത്. കൂടാതെ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും നീരജ് മാധവ് തന്റെ കുറിപ്പില്‍ വിമര്‍ശിച്ചിരുന്നു. അയാളുടെ പേര് നീരജ് വെളിപ്പെടുത്തിയിട്ടില്ല. അങ്ങനെയൊരാളെ തനിക്ക് വെളിപ്പെടുത്താനും പറയാനുമില്ലെന്നും നീരജ് പറയുന്നു.
അതേസമയം മലയാള സിനിമയില്‍ മാഫിയകള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ എക്‌സിക്യൂട്ടിവ് യൂണിയന് ഫെഫ്ക കത്ത് നല്‍കി. മലയാള സിനിമയില്‍ ഗൂഢ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനെ ഇല്ലായ്മ ചെയ്യണമെന്നും മാഫിയ സംഘങ്ങള്‍ കടന്നു കൂടിയിട്ടുണ്ടെന്നും അവരെ ചെറുക്കണമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ കത്തില്‍ പറഞ്ഞു.
തൊഴില്‍പരമായ സംരക്ഷണം എല്ലാവര്‍ക്കും നല്‍കണമെന്നാണ് കത്തിലെ ഉള്ളടക്കം. നടന്‍ നീരജ് മാധവിന്റെ വെളിപ്പെടുത്തലിന്റെയും ഷംന കാസിം വിവാദത്തിന്റെയും അടിസ്ഥാനത്തിലാണ് ഫെഫ്ക കത്തയച്ചത്. ഷംന കാസിം വിവാദത്തില്‍ മലയാള സിനിമയില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ഫെഫ്ക പരിശോധിക്കും.