കൊച്ചി:തെന്നിന്ത്യൻ സിനിമകളിൽ ഇന്ന് അറിയപ്പെടുന്ന താരമാണ് സായ് പല്ലവി. പ്രേമം എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന സായ് പല്ലവി വളരെ പെട്ടെന്ന് പ്രശസ്തി നേടി. തമിഴ്, തെലുങ്ക് സിനിമകളിൽ വലിയ. സ്വീകാര്യത കുറഞ്ഞ കാലയളവിനുള്ളിൽ സായ് പല്ലവിക്ക് ലഭിച്ചു. ഇതിന് പ്രധാന കാരണമായത് നടി ചെയ്ത ചെറിയ സിനിമകൾ വൻ വിജയമായതും നടിയുടെ മിക്ക
ഗാനരംഗങ്ങളും വൈറലായതുമാണ്.
ആദ്യ സിനിമ പ്രേമം മുതൽ ഗാന രംഗങ്ങളിൽ മറ്റേത് നടിയേക്കാളും ശോഭിക്കാൻ സായ് പല്ലവിക്ക് കഴിഞ്ഞു. ഫിദ, മാരി 2 തുടങ്ങിയ സിനിമകളിൽ സായ് പല്ലവി ചെയ്ത ഡാൻസ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.
യൂട്യൂബിൽ റെക്കോഡ് കാഴ്ചക്കാരാണ് ഈ ഗാനങ്ങൾക്കുള്ളത്. തമിഴിനേക്കാളും മലയാളത്തേക്കാളും തെലുങ്കിലാണ് സായ് പല്ലവി കൂടുതൽ സജീവം. നടിയുടെ മിക്ക തെലുങ്ക് സിനിമകളും ഹിറ്റാണ്. കരിയർ ഗ്രാഫെടുത്താൽ സായ് പല്ലവിയുടെ കരിയർ ചോയ്സുകൾ മറ്റ് നടികളിൽ നിന്ന് വ്യത്യസ്തമാണ്. അതീവ ഗ്ലാമറസായി നായികമാർ അഭിനയിക്കുന്നിടമാണ് തെലുങ്ക്, തമിഴ് സിനിമകൾ. എന്നാൽ കോസ്റ്റ്യൂമിന്റെ കാര്യത്തിൽ സായ് പല്ലവി വിട്ടു വീഴ്ച ചെയ്യാറില്ല.
ശരീര പ്രദർശനത്തിന് താൽപര്യമില്ലെന്നാണ് നടി പറയുന്നത്. സിനിമകൾ തെരഞ്ഞെടുക്കുന്നതിലും സായ് പല്ലവിക്ക് നിബന്ധനകളുണ്ട്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ മാത്രമേ സായ് പല്ലവി ചെയ്യാറുള്ളൂ. ഇതുവരെ ചെയ്ത ഒരു സിനിമയിലും വെറുതെ വന്ന് പോവുന്ന ഒരു കഥാപാത്രമായി സായ് പല്ലവിയെ കണ്ടിട്ടില്ല. സൂപ്പർ സ്റ്റാറിന്റെ സിനിമകളാണെങ്കിലും കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ നടി ചെയ്യാറുമില്ല.
ഇത്തരത്തിൽ സായ് പല്ലവി ഒഴിവാക്കിയ രണ്ട് സിനിമകളുടെ വിവരമാണിപ്പോൾ പുറത്ത് വരുന്നത്. അജിത്തിന്റെ തുനിവ്. വിജയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന ലിയോ എന്നീ സിനിമകളാണിവ. രണ്ട് ബിഗ് ബജറ്റ് സിനിമകളിലും കഥാപാത്രത്തിന് പ്രാധാന്യമില്ല, കുറഞ്ഞ സ്ക്രീൻ സ്പേസ് എന്നിവയാണത്രെ സായ് പല്ലവിയെ പിന്നോട്ടടിപ്പിച്ചത്. തുനിവിൽ മഞ്ജു വാര്യരാണ് പിന്നീട് നായികാ വേഷം ചെയ്തത്. ചെറിയ വേഷമാണെങ്കിലും മാസ് റോളിൽ മഞ്ജു തിളങ്ങി.
ഏറെ പ്രശംസയും മഞ്ജുവിന് ലഭിച്ചു. 2.5 കോടി രൂപയാണത്രെ തുനിവിൽ അഭിനയിക്കാൻ മഞ്ജു കൈപറ്റിയ പ്രതിഫലം. സിനിമയുടെ വിജയത്തിനപ്പുറം തനിക്ക് സംതൃപ്തി നൽകുന്ന കഥാപാത്രങ്ങൾ മാത്രമേ സായ് പല്ലവി ചെയ്യാറുള്ളൂ. മലയാളത്തിൽ പ്രേമം, അതിരൻ, കലി എന്നീ സിനിമകളിൽ മാത്രമേ നടി ഇതുവരെ അഭിനയിച്ചിട്ടുള്ളൂ. മൂന്ന് സിനിമയിലും പ്രധാനപ്പെട്ട കഥാപാത്രങ്ങളും ലഭിച്ചു.
അതേസമയം തമിഴ് സിനിമയിലെ മാർക്കറ്റ് സ്ട്രാറ്റജി നോക്കിയാണ് മഞ്ജു തുനിവ് എന്ന സിനിമ ചെയ്തത്. നടിയുടെ ആദ്യ തമിഴ് സിനിമ ധനുഷിനൊപ്പം ചെയ്ത അസുരനായിരുന്നു. സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ട് കുട്ടികളുടെ അമ്മയായാണ് നടി ഈ സിനിമയിൽ അഭിനയിച്ചത്.
പിന്നീട് വന്ന തമിഴ് അവസരങ്ങളും അസുരനുമായി സാമ്യമുള്ളതായിരുന്നെന്ന് മഞ്ജു നേരത്തെ പറഞ്ഞിട്ടുണ്ട്. തുനിവിലെ വേഷം ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു. രണ്ടാം വരവിലെ ആക്ഷൻ റോളിലൂടെ ടൈപ് കാസ്റ്റിംഗിൽ നിന്നും മഞ്ജു പുറത്ത് കടന്നു. തമിഴകത്തെ സൂപ്പർ സ്റ്റാർ അജിത്തിനൊപ്പം അഭിനയിച്ചത് താരമൂല്യത്തിനും ഗുണകരമായി.
സിനിമ ബോക്സ് ഓഫീസിൽ വിജയം കണ്ടു. നിലവിൽ തമിഴകത്ത് തുടരെ രണ്ട് സിനിമകളിൽ വിജയം കണ്ട് തന്റെ സാന്നിധ്യം ശക്തമായി അറിയിച്ചിരിക്കുകയാണ് മഞ്ജു വാര്യർ. നടിയുടെ പുതിയ തമിഴ് സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ആയിഷയാണ് മലയാളത്തിൽ ഒടുവിൽ പുറത്തിറങ്ങിയ മഞ്ജുവിന്റെ സിനിമ.