ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടു. ഭരണഘടന ബെഞ്ചിന് മുമ്പാകെ ഏപ്രില്‍ പതിനെട്ടിന് വാദം ആരംഭിക്കും. ഇതിനിടെ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കുന്ന കാര്യത്തില്‍ പാര്‍ലമെന്റ് ആണ് തീരുമാനം എടുക്കേണ്ടത് എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഒരേ ലിംഗത്തില്‍പെടുന്നവര്‍ തമ്മിലുള്ള വിവാഹത്തിനു സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിട്ടത്.
സമൂഹത്തില്‍ വളരെയധികം പ്രത്യാഘാതം ഉണ്ടാക്കാവുന്ന വിഷയമാണ് സ്വവര്‍ഗ വിവാഹമെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്‍കുന്നത് വലിയ സങ്കീര്‍ണ്ണതകള്‍ക്ക് വഴിവച്ചേക്കും.
ഒരേ ലിംഗത്തില്‍ പെടുന്നവരുടെ വിവാഹം അംഗീകരിക്കുന്നതും, രജിസ്റ്റര്‍ ചെയ്യുന്നതിനും അപ്പുറമാണ് കുടുംബപരമായ വിഷയങ്ങളെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
സ്വവര്‍ഗ ബന്ധം ക്രിമിനല്‍ കുറ്റമല്ലെങ്കിലും വിവാഹത്തിന് നിയമ സാധുത നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.