29.5 C
Kottayam
Wednesday, April 24, 2024

ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റില്‍ സമനിലയിൽ

Must read

അഹമ്മദാബാദ്: ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റില്‍ സമനിലയില്‍. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയ അവസാന ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിരിക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. മര്‍നസ് ലബുഷെയ്ന്‍ (63), സ്റ്റീവന്‍ സ്മിത്ത് (10) എന്നിവര്‍ പുറത്താവാതെ നിന്നു. ട്രാവിസ് ഹെഡ് (90), മാത്യു കുനെമന്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. സ്‌കോര്‍: ഓസ്‌ട്രേലിയ 480, 175 & ഇന്ത്യ 571. നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 480നെതിരെ ഇന്ത്യ 571ന് പുറത്താവുകയായിരുന്നു. വിരാട് കോലി (186), ശുഭ്മാന്‍ ഗില്‍ (128) എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സമനിലയോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.

രണ്ട് സെഷനിലും കടുത്ത പ്രതിരോധമാണ് ഓസീസ് താരങ്ങള്‍ പുറത്തെടുത്തത്. 163 പന്തുകള്‍ നേരിട്ടാണ് ഹെഡ് 90 റണ്‍സ് നേടിയത്. സെഞ്ചുറിക്ക് പത്ത് റണ്‍ അകലെ അക്‌സര്‍, ഹെഡ്ഡിനെ ബൗള്‍ഡാക്കുകയായിരുന്നു. രണ്ട് സിക്‌സും പത്ത് ഫോറും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ലബുഷെയ്‌നൊപ്പം 149 റണ്‍സും ഹെഡ് കൂട്ടിചേര്‍ത്തു. ലബുഷെയ്ന്‍ ഏഴ് ബൗണ്ടറികള്‍ ഇതുവരെ നേടി. ഒന്നാം ഇന്നിംഗ്‌സില്‍ 91 റണ്‍സിന്റെ ലീഡാണ് ഓസ്‌ട്രേലിയ നേടിയിരുന്നത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് കോലിയുടെ ഇന്നിംഗ്‌സാണ് തുണയായത്. 364 പന്തില്‍ 15 ഫോറുകളോടെ 186 റണ്‍സ് നേടിയ വിരാട് കോലിയാണ് അവസാനക്കാരനായി പുറത്തായത്. മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോലി ടെസ്റ്റില്‍ മൂന്നക്കം കുറിച്ചത്. 

കോലിയുടെ 75-ാം രാജ്യാന്തര ശതകമാണിത്. പരിക്കേറ്റ ശ്രേയസ് അയ്യറിന് ബാറ്റിംഗിന് ഇറങ്ങാനാവാതെ വന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. സെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(128), രോഹിത് ശര്‍മ്മ(35), ചേതേശ്വര്‍ പൂജാര(42), രവീന്ദ്ര ജഡേജ(28), കെ എസ് ഭരത്(44), അക്‌സര്‍ പട്ടേല്‍(79), രവിചന്ദ്രന്‍ അശ്വിന്‍(7), ഉമേഷ് യാദവ്(0)  മുഹമ്മദ് ഷമി(0*), എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തില്‍ ടീം ഇന്ത്യ കുതിച്ചെങ്കിലും റണ്‍കയറ്റാനുള്ള ശ്രമങ്ങള്‍ക്കിടെ നാലാം ദിനം അവസാന സെഷനില്‍ വിക്കറ്റുകള്‍ വേഗം നഷ്ടമായി. ഇതോടെ കുറ്റനടികള്‍ക്ക് ശ്രമിച്ച അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുടെ വിക്കറ്റുകള്‍ തുടരെ നഷ്ടമായി. 

കോലിക്ക് ഡബിള്‍ ഓടി നല്‍കാനുള്ള ശ്രമത്തിനിടെ ഉമേഷ് യാദവ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ നേരിട്ടുള്ള ത്രോയില്‍ പുറത്താവുകയും ചെയ്തു. ഫീല്‍ഡര്‍മാരെയെല്ലാം ബൗണ്ടറിലൈനില്‍ നിര്‍ത്തി കോലിയുടെ ക്യാച്ച് എടുക്കാനുള്ള സ്മിത്തിന്റെ ശ്രമം വിജയിച്ചതോടെ ഒരുവേള  555-6 എന്ന നിലയിലായിരുന്ന ഇന്ത്യ 571-9 എന്ന നിലയില്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ലബുഷെയ്‌നായിരുന്നു കിംഗിന്റെ ക്യാച്ച്. സന്ദര്‍ശകര്‍ക്കായി നേഥന്‍ ലിയോണും ടോഡ് മര്‍ഫിയും മൂന്ന് വീതവും മിച്ചല്‍ സ്റ്റാര്‍ക്കും മാത്യൂ കുനേമാനും ഓരോ വിക്കറ്റും നേടി. 

നേരത്തെ, നേരത്തെ ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് ഓസീസിന് മികച്ച ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍ സമ്മാനിച്ചത്. 422 പന്ത് നേരിട്ട് ഖവാജ 180 ഉം, 170 പന്ത് നേരിട്ട് ഗ്രീന്‍ 114 ഉം റണ്‍സ് സ്വന്തമാക്കി. വാലറ്റത്ത് നേഥന്‍ ലിയോണും(34), ടോഡ് മര്‍ഫിയും(41) നേടിയ റണ്ണുകള്‍ നിര്‍ണായകമായി. നായകന്‍ സ്റ്റീവ് സ്മിത്ത് 38ലും ട്രാവിസ് ഹെഡ് 32ലും പുറത്തായി. ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ ആറ് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റും സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week