ബംഗലൂരു:ഇന്ത്യയില്‍ റഫറിമാരുടെ നിലവാരം ഉയര്‍ത്താനായി ശ്രമങ്ങള്‍ നടക്കുന്നതായി എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേ. വിദേശ റഫറിമാരുടെ നിലവാരത്തിലേക്ക് ഇന്ത്യന്‍ റഫറിമാര്‍ എത്താന്‍ സമയം വേണ്ടി വന്നേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാണികള്‍ എത്തുന്നത് തെറ്റില്ലാത്ത റഫറിയിംഗുള്ള കളി കാണാനാണ്. എന്നാല്‍ ഈ ഐഎസ്എലില്‍ കാര്യങ്ങള്‍ ഒട്ടും ശുഭകരമായിരുന്നില്ല. റഫറിയിംഗിനെതിരെ ധാരാളം പരാതികള്‍ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.
ഈ തെറ്റുകള്‍ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. റഫറിയിംഗ് മെച്ചപ്പെടുത്താനായി ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്. അതിനു വേണ്ടി പണം ചിലവഴിക്കാനും ഞങ്ങള്‍ മടിക്കുന്നില്ല.
ഇന്ത്യയിലെ ഫുട്‌ബോളിന്റെ നിലവാരം ഉയര്‍ത്തുക എന്നത് തന്നെയാണ് ലക്ഷ്യമെന്നും അദ്ദേഹം തുറന്നു പറഞ്ഞു. നിലവില്‍ വളരെയധികം എക്‌സ്പീരിയന്‍സുള്ള ഇംഗ്ലീഷ് റഫറിയാണ് ചീഫ് ആയിട്ടുള്ളത്.
അത് ഇന്ത്യന്‍ റഫറിമാരെ കൂടുതല്‍ സഹായിക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെക്കുന്നത്. ഇന്ത്യന്‍ റഫറിമാര്‍ മെച്ചപെടാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുന്നുണ്ട്. അവര്‍ കൂടുതല്‍ കോണ്‍ഫിഡന്റ് ആകുമെന്നും അതോടെ തെറ്റുകള്‍ ഇല്ലാതാകുമെന്നും ചൗബേ കൂട്ടിച്ചേര്‍ത്തു.
ഐഎസ്ഏല്‍ പ്ലേ ഓഫ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് കളം വിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് എഐഎഫ്എഫ് പ്രസിഡന്റിന്റെ പ്രസ്താവന.
ഇത് ബ്ലാസ്റ്റേഴ്സിന്റെ വിജയമാണ് എന്ന രീതിയിലും ആരാധകര്‍ പ്രതികരിക്കുന്നുണ്ട്. നിരവധി മിസ്റ്റേക്കുകളാണ് റഫറിമാരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ഒരു ടീമിന്റെ അധ്വാനത്തെ പോലും റഫറിമാരുടെ ചെറിയ പിഴവുകള്‍ കവര്‍ന്നെടുക്കുന്നു.
കളിയുടെ ഗതിയെ തന്നെ മാറ്റി മറക്കുന്ന റഫറിയങ്ങിന് ഇതോടെ ഒരു മാറ്റം വന്നേക്കും എന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍. അടുത്ത സീസണില്‍ വിദേശ റഫറിമാരെ ഐഎസ്എല്ലില്‍ നിയോഗിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്.