30 C
Kottayam
Sunday, June 2, 2024

സൂര്യയ്ക്ക് പിന്നാലെ നിർമാതാവിന് സഹായവുമായി രജനീകാന്ത്; നേരിൽക്കാണാമെന്ന് ഉറപ്പ് നൽകി

Must read

ചെന്നൈ:നടൻ സൂര്യയ്ക്ക് പിന്നാലെ നിർമാതാവ് വി.എ. ദുരൈയ്ക്ക് സഹായവുമായി രജനികാന്ത്. നിർമാതാവിനോട് രജനീകാന്ത് ഫോണിലൂടെ സംസാരിക്കുകയും സഹായം വാ​ഗ്ദാനം ചെയ്യുകയുമായിരുന്നു. ‘ജയിലർ’ എന്ന നെൽസൺ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം നിർമാതാവിനെ കാണാമെന്നും രജനികാന്ത് ഉറപ്പ് നൽകി.

രജനികാന്ത് നായകനായെത്തിയ ‘ബാബ’ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായിരുന്നു ആയിരുന്നു ദുരൈ. എവർ​ഗ്രീൻ ഇന്റർനാഷണൽ എന്ന ചലച്ചിത്ര നിർമാണക്കമ്പനി ഉടമയായ ദുരൈ സിനിമകളിൽ നിന്നുണ്ടായ സാമ്പത്തിക നഷ്ടത്തിന് പിന്നാലെയാണ് ദുരവസ്ഥയിലെത്തിച്ചേർന്നത്.

തമിഴിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളൊരുക്കിയ നിർമാതാവാണ് വി.എ. ദുരൈ. അദ്ദേഹത്തിന്റേതായി പുറത്തുവന്ന ഒരു വീഡിയോ ഏറെ ചർച്ചയായതിന് പിന്നാലെ സാമ്പത്തികസഹായവുമായി സൂര്യ എത്തിയിരുന്നു. രോ​ഗങ്ങളാൽ ബുദ്ധിമുട്ടുകയാണെന്നും ചികിത്സയ്ക്ക് പണമില്ലെന്നുമാണ് വീഡിയോയിൽ അദ്ദേഹം പറഞ്ഞത്.

വളരെ മോശം ജീവിതസാഹചര്യങ്ങളിലൂടെയാണ് ദുരൈയുടെ ജീവിതം കടന്നുപോയിക്കൊണ്ടിരുന്നത്. സ്വന്തം കിടപ്പാടം പോലും നഷ്ടമായ അദ്ദേഹം ഒരു സുഹൃത്തിന്റെ വീട്ടിലാണ് കഴിയുന്നത്. കാലിൽ പറ്റിയ മുറിവും അദ്ദേഹത്തെ തളർത്തി. ഒരു കാലത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാതാവായ ദുരൈയുടെ ഇപ്പോഴത്തെ അവസ്ഥ സുഹൃത്താണ് വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിലിട്ടത്.

രണ്ട് ലക്ഷം രൂപയാണ് സൂര്യ ദുരൈയുടെ ചികിത്സയ്ക്കായി നൽകിയത്. സൂര്യ ഒരു പ്രധാന വേഷത്തിലെത്തിയ പിതാമകന്റെ നിർമാതാവാണ് ദുരൈ. മെ​ഗാഹിറ്റായ ചിത്രത്തിലെ പ്രകടനത്തിന് വിക്രമിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തേത്തുടർന്ന് 2003-ൽ പുതിയൊരു ചിത്രമൊരുക്കാൻ സംവിധായകൻ ബാലയ്ക്ക് ദുരൈ 25 ലക്ഷം രൂപ അഡ്വാൻസായി നൽകിയിരുന്നു. എന്നാൽ ഈ ചിത്രം നടന്നില്ല. അഡ്വാൻസായി വാങ്ങിയ തുക ബാല തിരികെ നൽകിയിരുന്നുമില്ല.

2022-ൽ ദുരൈ പണം തിരികെ ആവശ്യപ്പെട്ട് ബാലയുടെ ഓഫീസിൽ ചെന്ന് പ്രതിഷേധിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. നിർമാതാവ് എ.എം രത്നത്തിന്റെ സഹായിയായിരുന്നു മുമ്പ് ദുരൈ. രജനികാന്തിന്റെ ബാബ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ പിന്നണിയിൽ ദുരൈ ഉണ്ടായിരുന്നു. ബാബയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു ദുരൈ.

പിന്നീട് എവർ​ഗ്രീൻ ഇന്റർനാഷണൽ എന്ന ചലച്ചിത്ര നിർമാണക്കമ്പനി തുടങ്ങുകയായിരുന്നു. ഈ കമ്പനിയുടെ ബാനറിൽ എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമ​കൻ, ​ഗജേന്ദ്രാ, നായ്ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week