മുംബൈ:താരങ്ങളെ സംബന്ധിച്ച് സ്വകാര്യത എന്നത് പലപ്പോഴും കിട്ടാക്കനിയാണ്. താരങ്ങളും തങ്ങളെ പോലുള്ള മനുഷ്യരാണെന്നും എല്ലാവരേയും പോലെ തന്നെ അവര്‍ക്കും സ്വാകാര്യത വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പലപ്പോഴും ആരാധകര്‍ മറക്കാറുണ്ട്. താരങ്ങളെ പൊതുമുതലായി കാണുന്ന ആരാധകരില്‍ നിന്നുമുണ്ടാകുന്ന പെരുമാറ്റങ്ങള്‍ താരങ്ങള്‍ക്ക് കനത്ത വേദനകള്‍ സമ്മാനിക്കാറുണ്ട്. ഇത്തരം അനുഭവങ്ങള്‍ പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ബോളിവുഡ് താരം യാമി ഗൗതവും തന്റെ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്റെ സ്വന്തം നാടായ ഹിമാചലില്‍ വച്ചാണ് യാമിയ്ക്ക് ദുരനുഭവമുണ്ടായത്. ഫോട്ടോ എടുക്കാനെന്ന രൂപത്തില്‍ എത്തിയ പയ്യന്‍ തന്റെ വീഡിയോ എടുക്കുകയായിരുന്നുവെന്നാണ് യാമി പറയുന്നത്. കഴിഞ്ഞ ദിവസം സമാനമായൊരു അനുഭവം സൂപ്പര്‍ താരം ആലിയ ഭട്ടിനുണ്ടായിരുന്നു.
ആലിയ ഭട്ടിന്റെ വീട്ടില്‍ കടന്നു കയറിയാണ് ഒരാള്‍ ഫോട്ടോയെടുത്തത്. തന്റെ വീഡിയോ എടുത്ത പയ്യന്‍ ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്നും യാമി പറയുന്നുണ്ട്. പൂജ തല്‍വാറിന് നല്‍കിയ അഭിമുഖത്തിലാണ് യാമി ഗൗതം തുറന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഷൂട്ടിന്‌റെ ഇടവേളയില്‍ തന്റെ നാടായ ഹിമാചലില്‍ എത്തിയതായിരുന്നു യാമി ഗൗതം. അങ്ങനെയിരിക്കെ തന്റെ ഫാമിലേക്ക് പത്തൊമ്പത്-ഇരുപത് വയസുള്ളൊരു പയ്യനെത്തുകയായിരുന്നു. തന്നേ തേടി നാട്ടിലെ ആരാധകര്‍ വരുന്നത് പതിവാണ്. അവരുമായി സംസാരിക്കുന്നതില്‍ തനിക്കും സന്തോഷമേയുള്ളൂ. അതിനാല്‍ ഈ കുട്ടിയെ അകത്തേക്ക് കയറ്റി വിടാന്‍ താന്‍ അറിയിച്ചുവെന്നും യാമി പറയുന്നു. ഫോട്ടോ എടുക്കണം എന്നായിരുന്നു അവന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ അവന്‍ തന്റെ വീഡിയോ എടുക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതായും മനസിലായെന്നാണ് യാമി പറയുന്നത്. വീഡിയോയ്ക്ക് ഒരുപാട് ലവ്വും കിട്ടിയതായും യാമി പറയുന്നുണ്ട്. തന്റെ വീടിന്റെ വീഡിയോയും ഈ പയ്യന്‍ പകര്‍ത്തിയതായി യാമി പറയുന്നു. ആര്‍ക്കും എന്തും ചെയ്യാമെന്ന ഈ അവസ്ഥ ശരിയല്ലെന്നാണ് യാമി പറയുന്നത്. ഇതൊട്ടും സാധാരണമല്ലെന്നും ഒരു പരിധി നിശ്ചയിക്കേണ്ടതുണ്ടെന്നും യാമി പറയുന്നു.
കഴിഞ്ഞ ദിവസം ബോളിവുഡിലെ പാപ്പരാസി സംസ്‌കാരത്തിനെതിരെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് യാമിയുടെ പ്രതികരണം. തന്റെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയതിനെതിരെ ആലിയ ഭട്ടും രംഗത്തെത്തിയിരുന്നു. തന്റെ ലിവിംഗ് റൂമില്‍ വിശ്രമിക്കുകയായിരുന്ന ആലിയയുടെ ചിത്രം അടുത്ത ബില്‍ഡില്‍ നിന്നുമാണ് പാപ്പരാസികള്‍ പകര്‍ത്തിയത്. പിന്നാലെ ഈ ചിത്രം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പുതിയ വിവാദത്തിന് തിരശ്ശീലയുയര്‍ന്നത്.
വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെയാണ് യാമി ഗൗതം അരങ്ങേറുന്നത്. പിന്നീട് ഹീറോ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തിയിരുന്നു. ബദ്‌ലാപൂര്‍, സര്‍ക്കാര്‍ 3, കാബില്‍, സനം രേ, ഉറി, ബാല, എ തേഴ്‌സ് ഡേ തുടങ്ങി നിരവധി ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട് യാമി ഗൗതം. ലോസ്റ്റ് ആണ് യാമിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഓ മൈ ഗോഡ് 2, ചോര്‍ നിക്കല്‍ കെ ഭാഗ എന്നിവയാണ് അണിയറയിലുള്ള സിനിമകള്‍.